Connect with us

International

ഇസ്‌റാഈല്‍ ആക്രമണം കെട്ടിച്ചമച്ച കാരണങ്ങളുടെ പേരില്‍: ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍: സിറിയയിലെ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഇസ്‌റാഈല്‍ ഉന്നയിച്ച കാരണങ്ങള്‍ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമെന്ന് ഇറാന്‍. അധിനിവിഷ്ട ജൂലാന്‍ കുന്നുകളില്‍ ഇറാന്‍ സൈന്യം റോക്കറ്റാക്രമണം നടത്തിയെന്ന ഇസ്‌റാഈല്‍ വാദത്തെ ഇറാന്‍ തള്ളിക്കളഞ്ഞു. കഴിഞ്ഞ ദിവസം സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഒരു ഡസനിലേറെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. മേഖലയെ കടുത്ത സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നതാണ് ഈ നീക്കമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കേണ്ടത് അനിവാര്യമാണെന്നും ലോക രാഷ്ട്രങ്ങള്‍ അഭ്യര്‍ഥിച്ചു.

സിയോണിസ്റ്റ് ഭരണകൂടം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കിടെ സിറിയന്‍ പ്രദേശത്ത് അക്രമണം നടത്തുകയാണ്. ആ രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്ന ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളെ മുഴുവന്‍ കാറ്റില്‍പ്പറത്തുന്നതാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ബഹ്‌റം ഖാസിം പറഞ്ഞു.

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമെ സിറിയയുടെ ചില സൈനിക കേന്ദ്രങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍ നിരവധി മിസൈലുകള്‍ തകര്‍ത്തതായി സിറിയന്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഒരു റഡാര്‍ സ്റ്റേഷനും ഒരു ആയുധ സംഭരണിയും തകര്‍ക്കപ്പെട്ടതായി സിറിയന്‍ വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ നിശ്ശബ്ദമായിരിക്കുന്ന അന്താരാഷ്ട്ര സമൂഹത്തെ ഇറാന്‍ വിമര്‍ശിച്ചു. സിറിയയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി എതിര്‍ക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം ഇസ്‌റാഈലിന് കൂടുതല്‍ പ്രചോദനമാകുകയാണ്. സിറിയക്ക് അവരുടെ പ്രദേശം സംരക്ഷിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest