കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് ;ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് നിലപാട് പ്രഖ്യാപിച്ചേക്കും

Posted on: May 11, 2018 9:51 am | Last updated: May 11, 2018 at 10:52 am

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് ഉച്ചക്ക് ശേഷം കോട്ടയത്ത് നടക്കും. ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗത്തില്‍ തീരുമാനിക്കും. വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് നിര്‍ണായകമായ പ്രഖ്യാപനം വേണ്ടെന്നാണ് മാണിയുടെ നിലപാടെന്നറിയുന്നു. പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ മനസറിഞ്ഞ് വോട്ട് ചെയ്യുമെന്ന് മാണി നേരത്തെ വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാനും സാധ്യതയുണ്ട്.

ഉന്നതാധികാര സമതിയില്‍ മാണിവിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ജോസഫ് വിഭാഗത്തെ പിണക്കാതെ മുന്നോട്ട് പോകാനാവും മാണി വിഭാഗവും ശ്രമിക്കുക. കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ പിണറായി വിജയനേയും സര്‍ക്കാറിനേയും പുകഴ്ത്തി കഴിഞ്ഞ ദിവസം മാണി ലേഖനമെഴുതിയിരുന്നു. ഇത് അണികള്‍ക്കുള്ള വ്യക്തമായ സന്ദേശമായി വേണം കാണാന്‍. മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ തീരുമാനിക്കുമെന്നു മാണി നേരത്തെ വ്യക്തമാക്കിയിരുന്നു