സിറ്റി സ്മാര്‍ട്ടാണ്

കൂടുതല്‍ പോയിന്റ്, ഗോളുകള്‍, ജയം
Posted on: May 11, 2018 6:04 am | Last updated: May 11, 2018 at 1:55 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പോയിന്റ് നേട്ടത്തില്‍ റെക്കോര്‍ഡ്. ലീഗിലെ മുപ്പത്തേഴാം മത്സരത്തില്‍ 3-1ന് ബ്രൈറ്റനെ തോല്‍പ്പിച്ച സിറ്റിക്ക് 97 പോയിന്റായി. 2004-05 സീസണില്‍ ജോസ് മൗറിഞ്ഞോയുടെ ചെല്‍സി നേടിയ 95 പോയിന്റിന്റെ റെക്കോര്‍ഡാണ് പെപ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി തിരുത്തിയത്. ഡാനിലോ (16), ബെര്‍നാന്‍ഡോ സില്‍വ (34), ഫെര്‍നാന്‍ഡീഞ്ഞോ (72) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. ഇരുപതാം മിനുട്ടില്‍ ഉലോ ബ്രൈറ്റന് വേണ്ടി ലക്ഷ്യം കണ്ടു.

ലീഗിലെ മറ്റ് മത്സരങ്ങളില്‍ ചെല്‍സി 1-1 ഹഡര്‍സ്ഫീല്‍ഡിനോട് സമനിലയായപ്പോള്‍ ലെസ്റ്റര്‍ സിറ്റി 3-1ന് ആഴ്‌സണലിനോട് പരാജയപ്പെട്ടു. ടോട്ടനം 1-0ന് ന്യൂകാസിലിനെ തോല്‍പ്പിച്ചു.

നൂറ് പോയിന്റ് ലക്ഷ്യം

ഒരു മത്സരം ശേഷിക്കെ, ലീഗില്‍ നൂറ് പോയിന്റ് നേടുകയാണ് തന്റെ ലക്ഷ്യമെന്ന് സിറ്റി കോച്ച് പെപ് ഗോര്‍ഡിയോള വ്യക്തമാക്കി. ഞായറാഴ്ച സതംപ്ടണിനെതിരെയാണ് സിറ്റിയുടെ അവസാന ലീഗ് മത്സരം.
97 പോയിന്റുകള്‍, ധാരാളം ഗോളുകള്‍, ധാരാളം വിജയങ്ങള്‍, ഈ സീസണില്‍ തന്റെ ടീം പെര്‍ഫെക്ടായിരുന്നു- പെപ് ഗോര്‍ഡിയോള പറഞ്ഞു.

ഗോളുകളുടെ എണ്ണത്തിലും റെക്കോര്‍ഡ്

പ്രീമിയര്‍ ലീഗ് ഗോളുകളുടെ എണ്ണത്തിലും ചെല്‍സിയുടെ റെക്കോര്‍ഡ് സിറ്റി തകര്‍ത്തു. ബ്രൈറ്റനെതിരെ ബെര്‍നാര്‍ഡോ സില്‍വ നേടിയ ഗോള്‍ സീസണില്‍ സിറ്റിയുടെ നൂറ്റിനാലാമത്തേതായിരുന്നു. 2009-10 സീസണില്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ ചെല്‍സി നേടിയ 103 ഗോളുകള്‍ പിറകിലായി.മൊത്തം 105 ഗോളുകളാണ് സിറ്റി നേടിയത്.

വിജയങ്ങളുടെ എണ്ണത്തിലും റെക്കോര്‍ഡ്

ചെല്‍സിയുടെ പേരിലുള്ള വിജയങ്ങളുടെ റെക്കോര്‍ഡിലും സിറ്റി കൈവെച്ചു. കഴിഞ്ഞ സീസണില്‍ അന്റോണിയോ കോന്റെയുടെ ചെല്‍സി 30 വിജയങ്ങളുമായി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായതിന്റെ റെക്കോര്‍ഡ് സിറ്റി മറികടന്നു. ബ്രൈറ്റനെതിരെ സിറ്റി നേടിയത് ലീഗിലെ മുപ്പത്തൊന്നാം ജയമാണ്. 1960-61 സീസണില്‍ ടോട്ടനം ഹോസ്പറിന്റെ 31 ജയങ്ങളുടെ റെക്കോര്‍ഡിനൊപ്പമാണിപ്പോള്‍ സിറ്റി. സതംപ്ടണിനെ തോല്‍പ്പിച്ചാല്‍ 32 വിജയങ്ങളുമായി സിറ്റിക്ക് റെക്കോര്‍ഡ് ബുക്കില്‍ ഒറ്റക്ക് വിലസാം.

ഗുഡ്‌ബൈ ടുറെ

ഐവറികോസ്റ്റ് മിഡ്ഫീല്‍ഡര്‍ യായ ടുറെ അവസാനമായി മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കാനിറങ്ങി. സീസണോടെ ക്ലബ്ബ് വിടുന്ന ടുറെക്ക് ക്യാപ്റ്റന്‍ ആംബാന്‍ഡ് നല്‍കിയാണ് കോച്ച് ഗോര്‍ഡിയോള കളത്തിലേക്ക് അയച്ചത്. 2010 ജൂലൈയിലാണ് ടുറെ സിറ്റിയിലെത്തുന്നത്. റോബര്‍ട്ടോ മാന്‍സിനിയാണ് ബാഴ്‌സലോണയില്‍ നിന്ന് ടുറെയെ തന്റെ പടയിലെത്തിച്ചത്. ഏഴ് ട്രോഫികളാണ് ടുറെ സിറ്റിക്കായി നേടിക്കൊടുത്തത്.
ലീഗ് ടേബിളില്‍ ടോട്ടനം 74 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. 72 പോയിന്റുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്ത്. 70 പോയിന്റുള്ള ചെല്‍സി ടോപ് ഫോറില്‍ നിന്ന് പുറത്തായി. ആഴ്‌സണല്‍ 60 പോയിന്റുമായി ആറാം സ്ഥാനത്ത്.