Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ തച്ചങ്കരിയുടെ ശുദ്ധികലശം തുടരുന്നു: ദീര്‍ഘകാല അവധിയെടുത്ത 464 പേര്‍ക്ക് നോട്ടീസ്

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ ജോലിയിലിരിക്കെ ദീര്‍ഘകാല അവധിയെടുത്ത് രാജ്യത്തിനകത്തും വിദേശത്തും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി മാനേജ്‌മെന്റ്. ഇത്തരത്തില്‍ അവധിയെടുത്ത് പുറത്ത് ജോലിക്കു പോയ 464 ജീവനക്കാര്‍ അടുത്ത മാസം പത്തിനകം ജോലിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ എം ഡി ടോമിന്‍തച്ചങ്കരി നോട്ടീസ് നല്‍കി.

ഇതില്‍ 73 പേര്‍ അഞ്ച് വര്‍ഷത്തെ അവധിക്ക് ശേഷവും ജോലിക്ക് ഹാജരാകാത്തവരാണ്. ഇവര്‍ മെയ് 25നകം ജോലിക്ക് ഹാജരാകണം. ഡെപ്യൂട്ടേഷനിലുള്ള 54 പേര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. അനുവദിച്ച നിശ്ചിത സമയത്തിനുള്ളില്‍ ജോലിക്ക് ഹാജരാകാത്തവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാനാണ് തീരുമാനം. ജോലിയില്‍ പ്രവേശിച്ച ശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം സേവനം അനുഷ്ഠിക്കാത്ത മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കാന്‍ മുന്‍ എം ഡി എ ഹേമചന്ദ്രന്റെ കാലത്ത് തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിലവിലെ നടപടി.
സര്‍വീസ് ഓപറേഷന്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ അവധി നല്‍കി മുങ്ങുന്നവരുടെ കണക്കെടുപ്പ് നടത്തിയത്. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക്, ടയര്‍ ഇന്‍സ്‌പെക്ടര്‍, പമ്പ് ഓപറേറ്റര്‍, എ ഡി ഇ തസ്തികയിലുള്ളവരാണ് മുങ്ങിയ ജീവനക്കാര്‍. കോര്‍പറേഷനില്‍ 16,000ത്തോളം ഡ്രൈവര്‍/ കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ സര്‍വീസില്‍ ഉണ്ടെങ്കിലും ജീവനക്കാരില്ലാതെ നിരവധി സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ട സാഹചര്യമാണ്. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് കോര്‍പറേഷന് സംഭവിക്കുതെന്നും വിലയിരുത്തലുണ്ടായി.

നിലവില്‍ കോര്‍പറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ച് വര്‍ഷംവരെ ശമ്പളമില്ലാതെ ദീര്‍ഘകാല അവധിയെടുക്കാന്‍ ജീവനക്കാര്‍ക്ക് കഴിയും. അതതു യൂനിറ്റ് മേധാവികളുടെ അനുവാദത്തോടെ 14 ദിവസംവരെ തുടച്ചയായി അവധിയെടുക്കാം. 14 ദിവസത്തിന് മുകളില്‍ അവധി വേണമെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടങ്ങുന്ന രേഖകള്‍ യൂനിറ്റ് മേധാവി വഴി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇത്തരത്തില്‍ 90 ദിവസം വരെയുള്ള അവധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുവദിക്കാം. ഇതിന് മുകളിലുള്ള അവധികള്‍ക്ക് കോര്‍പറേഷന്‍ എം ഡിയുടെ തന്നെ അനുമതി വേണം. എന്നാല്‍, കോര്‍പറേഷന്റെ ഇന്നത്തെ സാഹചര്യത്തില്‍ ശൂന്യവേതനാവധി അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്്‌മെന്റ്. സാധാരണഗതിയില്‍ വിദേശത്ത് മെച്ചപ്പെട്ട ജോലി ലഭിച്ച് പോകുന്നവരാണ് അഞ്ച് വര്‍ഷത്തേക്കുള്ള ശൂന്യവേതനാവധി എടുത്തു പോകുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ ജീവനക്കാരെ ചട്ടപ്രകാരമുള്ള ഡ്യൂട്ടി സമയം പൂര്‍ത്തീകരിക്കാത്തത് ചൂണ്ടിക്കാട്ടി പിരിച്ചു വിട്ടിരുന്നു. കെ എസ് ആര്‍ ടി സിയില്‍ എം പാനലുകാരില്‍ നിന്ന് സ്ഥിരപ്പെടുത്തിയ 141 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ചട്ടപ്രകാരം ഒരു വര്‍ഷം 120 ഡ്യൂട്ടി വേണമെന്നിരിക്കെ ഇത് പൂര്‍ത്തിയാക്കാവര്‍ക്കാണ് ജോലി നഷ്ടമായത്. നിലവില്‍ കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരാണ് പിരിച്ചുവിട്ടതിലധികവും. ജോലിയില്‍ പ്രവേശിച്ച ശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം സേവനം അനുഷ്ഠിക്കാത്ത മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കാന്‍ മുന്‍ എം ഡി എ ഹേമചന്ദ്രന്റെ കാലത്ത് തീരുമാനിച്ച് ഇത്തരത്തിലുള്ള ജീവനക്കാരുടെ കണക്കെടുപ്പ് നടന്നിരുന്നു. ഇതിന്റെ തുടര്‍ നടപടിയായി ഇത്തരം ജീവനക്കാരോട് ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് കൈപറ്റിയതിന് ശേഷവും ജോലിക്ക് ഹാജകാരാവാത്തവര്‍ക്കെതിരെയാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

“അവശ്യ സര്‍വീസായി പ്രഖ്യാപിച്ച്
ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണം”

തിരുവനന്തപുരം: ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചതിന് പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് കെ എസ് ആര്‍ ടി സിയും രംഗത്ത്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെ എസ് ആര്‍ ടി സിയെ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിവിടുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗം ഈ മാസം 15നാണ്. ടൂറിസം സംഘടനകളുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്.

സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിന്റെ പേരിലുള്ള നഷ്ടത്തിന് പുറമെ ഹര്‍ത്താല്‍ അനുകൂലികള്‍ പലപ്പോഴും ബസുകള്‍ തകര്‍ക്കുന്നതിന്റെ നഷ്ടവും സഹിക്കേണ്ടി വരുന്നുണ്ടെന്നാണ് കെ എസ് ആര്‍ ടി സിയുടെ വാദം. ആശുപത്രികള്‍, പാല്‍വിതരണം, പത്രവിതരണം എന്നിവപോലെ കെ എസ് ആര്‍ ടി സിയെയും അവശ്യസര്‍വീസായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് എം ഡി മുന്നോട്ടുവെക്കുന്നത്.
പ്രാദേശികാടിസ്ഥാനത്തില്‍ നടത്തുന്ന ഹര്‍ത്താലുകള്‍ പോലും കെ എസ് ആര്‍ ടി സിക്ക്കനത്ത നഷ്ടമുണ്ടാക്കുന്നു.

സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ട ബാധ്യത ഒരു വശത്തും സ്വന്തം സ്വത്തിനും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കേണ്ട ബാധ്യത മറുവശത്തും നില്‍ക്കുന്ന സാഹചര്യമാണ് ഹര്‍ത്താല്‍ ദിനങ്ങളിലുണ്ടാകുന്നത്. രണ്ടിനുമിടയില്‍ നിന്ന് അനുഭവിക്കുന്ന ദുരിതത്തില്‍ നിന്ന് കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്‍കൈയെടുക്കണമെന്നും ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് അഭിപ്രായ സമന്വയമുണ്ടാക്കണമെന്നും എം ഡി അഭ്യര്‍ഥിച്ചു. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്നത് തങ്ങള്‍ക്ക് കൂടി ബാധകമാക്കണമെന്ന ആവശ്യമാണ് കെ എസ് ആര്‍ ടി സി മുന്നോട്ടുവെക്കുന്നത്- എം ഡി ചൂണ്ടിക്കാട്ടി.

Latest