കെ എം ജോസഫ്: ഇന്ന് കൊളീജിയം ചേര്‍ന്നേക്കും; ശിപാര്‍ശ വീണ്ടും അയക്കാന്‍ സമ്മര്‍ദം

ആവശ്യം ഉന്നയിച്ച് ജസ്റ്റിസ് ജെചെലമേശ്വര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു
Posted on: May 11, 2018 6:01 am | Last updated: May 11, 2018 at 12:01 am

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തുന്നതിനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാറിന് വീണ്ടും അയക്കണമെന്ന് കൊളീജിയത്തിലെ ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനിടെ, നിര്‍ണായക കൊളീജിയം യോഗം ഇന്ന് ചേര്‍ന്നേക്കുമെന്നാണ് സൂചന.

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച മെമ്മോറാണ്ടം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അനൗപചാരിക യോഗത്തിലാണ് രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചീഫ് ജസ്റ്റിസിനോട് ഈ ആവശ്യം ഉന്നയിച്ചത്. അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കുകയും ചെയ്തു.

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശിപാര്‍ശ ചര്‍ച്ച ചെയ്യാന്‍ കൊളീജിയം ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്നാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ ആവശ്യപ്പെട്ടത്. നേരത്തെ, കെ എം ജോസഫിന്റെ നിയമന ശിപാര്‍ശ പുനഃപരിശോധിക്കണമെന്ന് കൊളീജിയത്തോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആയി നിയമിക്കുന്നത് സീനിയോറിറ്റി മറികടക്കലും പ്രാദേശിക സമവാക്യം തെറ്റിക്കലും കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണെന്ന് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മുമ്പും ഇതേ രീതിയിലുള്ള നിയമനങ്ങള്‍ സുപ്രീം കോടതിയില്‍ ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ ചില താത്പര്യങ്ങളുടെ പേരിലാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ ശിപാര്‍ശക്ക് അംഗീകാരം നല്‍കാത്തതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ കത്ത് ചര്‍ച്ച ചെയ്യാന്‍ ഈ മാസം രണ്ടിന് കൊളീജിയം ചേര്‍ന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല.

ഇക്കാര്യം പരിഗണിക്കാന്‍ വീണ്ടും കൊളീജിയം യോഗം വിളിക്കുമെന്നാണ് അന്ന് തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ഒരു വിധത്തിലുള്ള അറിയിപ്പും നല്‍കാത്തതിനെ തുടര്‍ന്നാണ് ജസ്റ്റിസുമാര്‍ കൊളീജിയം വിളിക്കണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരിക്കുന്നത്.

കൊളീജിയം വീണ്ടും കെ എം ജോസഫിന്റെ പേര് ശിപാര്‍ശ ചെയ്താല്‍ അത് കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും. എന്നാല്‍, അതിന് കൊളീജിയം ഐകകണ്ഠ്യേന അദ്ദേഹത്തിന്റെ പേര് ശിപാര്‍ശ ചെയ്യണം.