അന്വേഷണം ഊര്‍ജിതം, വ്യാജമാണെന്ന് തീര്‍ത്തുപറയാതെ കമ്മീഷന്‍

Posted on: May 10, 2018 6:27 am | Last updated: May 10, 2018 at 12:34 am

ബെംഗളൂരു: ബെംഗളൂരു രാജ രാജേശ്വരി മണ്ഡലത്തില്‍ നിന്ന് പതിനായിരത്തോളം തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ഊര്‍ജിതമാക്കി. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുമ്പോള്‍ നല്‍കുന്ന ഒരു ലക്ഷം സ്ലിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ജാലഹള്ളിയില്‍ മഞ്ജുള നന്‍ജമാരിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് 9,746 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ആര്‍ ആര്‍ നഗര്‍ എം എല്‍ എ മുനിരത്‌നയുടെ അനുയായിയാണ് ഫഌറ്റുടമ.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജരാജേശ്വരി നഗര്‍ മണ്ഡലത്തില്‍ നിന്ന് വന്‍തോതില്‍ വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. ആര്‍ ആര്‍ നഗര്‍ മണ്ഡലത്തില്‍ ആകെ 4,35,000 വോട്ടര്‍മാരാണുള്ളത്. പുതിയ ഐ ഡി കാര്‍ഡുകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തല്‍ ഇപ്പോള്‍ 4.71 ലക്ഷം വോട്ടര്‍മാരുണ്ട്. അതായത് ഏകദേശം 45,000 വോട്ടര്‍മാര്‍ കൂടിയതായി കണ്ടെത്തി. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് വ്യാജമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വ്യാജമാണെന്ന് തെളിഞ്ഞാല്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കും.

അതിനിടെ, തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ഫഌറ്റ് ഉടമ മഞ്ജുള നന്‍ജമാരി രംഗത്തെത്തി. കോണ്‍ഗ്രസ് ഉന്നയിക്കുന്നത് പോലെ രാകേഷ് എന്ന ബി ജെ പി അനുഭാവിക്കല്ല താന്‍ ഫഌറ്റ് വാടകക്ക് നല്‍കിയതെന്നും രേഖ, രംഗരാജു എന്നിവര്‍ക്കാണെന്നും മഞ്ജുള പറഞ്ഞു. ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് ഇരുവരും ഫഌറ്റ് വാടകക്ക് എടുത്തത്. കൂടാതെ 1997 മുതല്‍ 2002 വരെയുള്ള കാലത്ത് താന്‍ കോര്‍പറേഷന്‍ അംഗമായിരുന്നെന്നും ബി ജെ പിയാണ് തന്നെ വിജയിക്കാന്‍ സഹായിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാകേഷ് തങ്ങളുടെ ബന്ധുവാണെന്നും എന്നാല്‍ അയാള്‍ക്ക് ഫഌറ്റുമായി ബന്ധമില്ലെന്നും മഞ്ജുളയുടെ മകന്‍ ശ്രീധര്‍ പറഞ്ഞു. തനിക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മഞ്ജുള ബി ജെ പിയുടെ മുന്‍ കോര്‍പറേഷന്‍ അംഗമായിരുന്നെന്നും എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ബി ജെ പി നേതാവ് സംബിത് പത്ര പറഞ്ഞു. വോട്ടര്‍ ഐ ഡി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്നും ആര്‍ ആര്‍ നഗറിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പത്ര ആവശ്യപ്പെട്ടു.

എന്നാല്‍, ബി ജെ പി മുന്‍ കോര്‍പറേറ്റര്‍ ആണ് ഫഌറ്റ് ഉടമയെന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി ജെ പി ഉണ്ടാക്കിയ നാടകമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അതിനിടെ, തിരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെ കര്‍ണാടകയില്‍ ബി ജെ പി, കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ നിന്ന് പണം പിടിച്ചെടുത്തു. കൊപ്പല്‍ ജില്ലയിലെ ഗംഗാവതിയില്‍ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ബി ജെ പി ജില്ലാ അധ്യക്ഷന്‍ വിരുപാക്ഷയുടെ വസതിയില്‍നിന്ന് എട്ട് ലക്ഷം രൂപയും കോണ്‍ഗ്രസ് നേതാവ് ഷമീദ് മാനിയാറുടെ വസതിയില്‍നിന്ന് മുപ്പതിനായിരം രൂപയുമാണ് പിടിച്ചെടുത്തത്.