ജിന്നയുടെ ചിത്രം 1938 മുതല്‍ യൂനിയന്‍ ഓഫീസിലുണ്ടെന്ന് അലിഗഢ് വി സി

കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Posted on: May 10, 2018 6:18 am | Last updated: May 10, 2018 at 12:30 am

ന്യൂഡല്‍ഹി: അലീഗഢ് മുസ്‌ലിം സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരീഖ് മന്‍സൂര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ജിന്നാ വിഷയമുയര്‍ത്തി ആര്‍ എസ് എസ് അനുകൂല സംഘടനകള്‍ ക്യാമ്പസില്‍ അഴിച്ചുവിട്ട അക്രമത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സമരത്തിലിറങ്ങിയ സാഹചര്യത്തിലാണ് വി സി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 1938 മുതല്‍ സര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂനിയന്‍ ഓഫീസില്‍ ജിന്നയുടെ ഛായാചിത്രം തൂങ്ങിക്കിടക്കുന്നുണ്ട്. മുമ്പൊന്നും ഇത് ഒരു വിഷയമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലയില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ആവശ്യമായ സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ് വി സിക്ക് ഉറപ്പുനല്‍കി. അതേസമയം, കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചതാണെന്നും നിലവിലെ വിവാദവുമായി ബന്ധപ്പെട്ടതല്ലെന്നും വി സി പറഞ്ഞു. ബി ജെ പി. എം പി സതീശ് ഗൗതം ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വി സിക്ക് കത്തെഴുതിയത് മുതലാണ് വിവാദമുണ്ടായത്. പിന്നാലെ യുപി മുഖ്യമന്ത്രിയുടെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ക്യാമ്പസിന് അകത്ത് കയറി അക്രമം സൃഷ്ടിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. വിഷയത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്ക് മടങ്ങണമെന്ന് വി സി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാലയുടെ പ്രതിഛായ മോശമാക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളുടെ കെണിയില്‍ വീണുപോകരുതെന്നും വി സി ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് ഈ മാസം 12 വരെയുള്ള പരീക്ഷകള്‍ സര്‍വകലാശാല മാറ്റിവെച്ചിരുന്നു.