തിരുവനന്തപുരം: സംസ്ഥാനത്ത് പുരാരേഖാ ശേഖരണവും പരിപാലനവും വിപുലമാക്കുന്നതിന്റെ ഭാഗമായി പുരാരേഖാ വകുപ്പുമായി സഹകരിച്ച് സാക്ഷരതാമിഷന്റെ നേതൃത്വത്തിലുള്ള ചരിത്രരേഖാ സര്‍വേക്ക് തുടക്കമായി. കവി ഒ എന്‍ വി കുറുപ്പിന്റെ വഴുതക്കാട്ടെ വസതിയായ ഇന്ദീവരത്തില്‍ നിന്നായിരുന്നു തുടക്കം. ഒ എന്‍ വി കുറുപ്പിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും ആദ്യകാല കൈയെഴുത്ത് പ്രതികള്‍ അദ്ദേഹത്തിന്റെ ഭാര്യ സരോജിനിയില്‍ നിന്ന് മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ഏറ്റുവാങ്ങി. സാക്ഷരതാമിഷന്റെ 70,000 പഠിതാക്കളിലൂടെയാണ് (പത്താംതരം, ഹയര്‍ സെക്കന്‍ഡറി) സംസ്ഥാന വ്യാപകമായി സര്‍വേ നടത്തുന്നത്.
ഒ എന്‍ വി കുറുപ്പിന്റെ ജന്മദിനമായ 1931 മെയ് 27ന് അദ്ദേഹത്തിന്റെ പിതാവും കൊല്ലം ഒറ്റപ്ലാക്കല്‍ കുടുംബത്തിലെ അംഗവും പ്രചാസഭ അംഗവുമായ ഒ എന്‍ കൃഷ്ണക്കുറുപ്പ് എഴുതിയ ഡയറി, 1951-52 കാലഘട്ടങ്ങളില്‍ ഒ എന്‍ വി, ബി എക്കു പഠിച്ചിരുന്നപ്പോള്‍ വായിച്ചിരുന്ന ടാഗോറിന്റെ കഥാസമാഹാര പുസ്തകത്തില്‍ ആദ്യമായി ഇംഗ്ലീഷില്‍ അടയാളപ്പെടുത്തിയ അദ്ദേഹത്തിന്റെ കൈയ്യൊപ്പ്. 74ല്‍ അദ്ദേഹം രചിച്ച കറുത്തപക്ഷിയുടെ പാട്ട് എന്ന കവിതയുടെ കൈയെഴുത്ത് പ്രതി എന്നീ രേഖകളാണ് കൈമാറിയത്. വിവരങ്ങള്‍ മന്ത്രി സി രവീന്ദ്രനാഥ് സര്‍വേ ഫോറത്തില്‍ രേഖപ്പെടുത്തി.
കൈമാറിയ രേഖകളെക്കുറിച്ച് സരോജിനിയും മകന്‍ രാജീവും വിശദീകരിച്ചു. 1931 മെയ് 27ന് ഒ എന്‍ കൃഷ്ണക്കുറുപ്പെഴുതിയ ഡയറിയെക്കുറിച്ച് പറഞ്ഞപ്പോള്‍ സരോജിനി വികാരാധീനയായി. ആ ദിനത്തിന്റെ മഹത്വം അത്രക്കാണ്. കൃഷ്ണക്കുറുപ്പിന് ഏറെ ആരാധ്യനായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സന്ദര്‍ശനവും ഒ എന്‍ വിയുടെ ജന്മദിനവും ആകസ്മികമായി ഒത്തുചേര്‍ന്ന ദിവസം. ഒരു സുദിനം എന്നാണ് 1931 മെയ് 27നെ കൃഷ്ണക്കുറുപ്പ് ഡയറിയില്‍ രേഖപ്പെടുത്തിയത്. നെഹ്‌റുവും കുടുംബവും കൊല്ലത്തെത്തിയപ്പോള്‍ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന കൃഷ്ണക്കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അതിനുശേഷം വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് ഭാര്യ കെ ലക്ഷ്മിക്കുട്ടിയമ്മ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചുവെന്ന്. അതുകൊണ്ടാണ് ഡയറിയില്‍ ആ ദിനത്തെ കൃഷ്ണക്കുറുപ്പ് സുദിനമെന്ന് വിശേഷിപ്പിച്ചതെന്ന് സരോജിനി വിശദീകരിച്ചു.
ഒട്ടേറ ചരിത്രസ്മാരകങ്ങളും ചരിത്രരേഖകളും കേരളത്തിലുണ്ടെങ്കിലും ഭൂരിഭാഗവും പൊതുസമൂഹത്തില്‍ നിന്ന് വിസ്മൃതിയിലായ സാഹചര്യമാണുള്ളതെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സാക്ഷരതാമിഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണങ്ങളും നല്‍കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാനസാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി ബിജു, ചരിത്രരേഖ സര്‍വേ കോ-ഓര്‍ഡിനേറ്റര്‍ ഇ വി അനില്‍കുമാര്‍, ഒ എന്‍ വി കുറുപ്പിന്റെ ഭാര്യ സരോജിനി, മകന്‍ രാജീവ്, മകള്‍ ഡോ.മായാദേവി സംസാരിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ സാക്ഷരതാ പ്രവര്‍ത്തകരുടെയും സേവനം പ്രയോജനപ്പെടുത്തി നടത്തുന്ന സര്‍വേ, ഗ്രാമീണമേഖലയിലടക്കം ചരിത്രശേഷിപ്പുകളുടെ വിവരശേഖരണത്തിന് ഗുണകരമാകുമെന്നാണ് സാക്ഷരതാമിഷന്റെ വിലയിരുത്തല്‍. താളിയോലകളും വട്ടെഴുത്ത് – കോലെഴുത്ത് ലിഖിതങ്ങളുമടക്കം വെളിച്ചം കാണാത്ത നിരവധി ചരിത്രശേഷിപ്പുകള്‍ സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലുമുണ്ട്. ഇവയെക്കുറിച്ച് കൃത്യമായ വിവരം പുരാരേഖ വകുപ്പിനും ലഭ്യമല്ല. ഇത്തരം ചരിത്രശേഷിപ്പുകളും രേഖകളും സര്‍വേയിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം.
വ്യക്തി എന്ന നിലയിലും രണ്ടോ, മൂന്നോ പേര്‍ അടങ്ങുന്ന സംഘം എന്ന നിലയിലുമാണ് സര്‍വേ ടീമുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഓരോ പഠിതാവും ഒരു രേഖയെങ്കിലും കണ്ടത്തേണ്ടതാണ്. 25 വര്‍ഷമെങ്കിലും പഴക്കമുള്ള ചരിത്രരേഖകളാണ് സര്‍വേയിലൂടെ കണ്ടത്തേണ്ടത്. ചരിത്രരേഖ സര്‍വേക്കുള്ള ഫോറങ്ങളും ചരിത്രരേഖ എന്തെല്ലാമെന്നുമുള്ള വിവരങ്ങള്‍ സാക്ഷരതാമിഷന്‍ നല്‍കും. കത്തുകള്‍, കൈയെഴുത്തു പ്രതികള്‍, താളിയോലകള്‍, ശാസനങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് ചരിത്രരേഖകളായി പരിഗണിക്കുന്നത്. ഈമാസം 27ന് സര്‍വേ പൂര്‍ത്തിയാക്കും.
ജൂണ്‍ മൂന്ന് മുതല്‍ സര്‍വേ വിവരങ്ങള്‍ പഠനകേന്ദ്രങ്ങളില്‍ ക്രോഡീകരിക്കും. ഓരോ പഠനകേന്ദ്രത്തിലും ചരിത്രരേഖ സര്‍വേ രജിസ്റ്റര്‍ തയാറാക്കി സൂക്ഷിക്കും. 13ന് ചരിത്രരേഖ സര്‍വേയുടെ സംസ്ഥാനതല റിപ്പോര്‍ട്ട് പുരാരേഖ വകുപ്പിനു കൈമാറാനാണ് സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നത്.