കലാലയം സാംസ്‌കാരികോത്സവത്തിന് പ്രൗഢ സമാപനം

Posted on: May 10, 2018 6:12 am | Last updated: May 10, 2018 at 12:05 am
കലാലയം സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ഫാസിസത്തിനെതിരായ ചിത്രരചന

തൃശൂര്‍: മാറ്റിനിര്‍ത്തപ്പെട്ടവര്‍ പങ്കുചോദിക്കുന്നു എന്ന പ്രമേയത്തില്‍ കലാലയം സാംസ്‌കാരിക വേദി തൃശൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരികോത്സവത്തിന് ഉജ്ജ്വല സമാപനം. നാല് ദിനങ്ങളിലായി നടന്ന സംഗമം മാറ്റിനിര്‍ത്തലിന്റെയും മാറ്റിനിര്‍ത്തപ്പെട്ടവരുടെയും രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പ്രബുദ്ധവും സന്ദര്‍ഭോചിതവുമായ സാമൂഹിക-സാംസ്‌കാരിക ഇടപെടലായി മാറി. രാജ്യത്തിന്റെ മതേതര-ജനാധിപത്യ സംസ്‌കാരം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന അപരവത്കരണവും ന്യൂനപക്ഷ അവകാശ ധ്വംസനങ്ങളും വിവിധ സെഷനുകളില്‍ ഇഴകീറി പരിശോധിക്കപ്പെട്ടു. സ്വാര്‍ഥമതികളും സങ്കുചിത താത്പര്യക്കാരുമായ ചിലര്‍ ചേര്‍ന്ന് ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്ന അരികുവത്കരണങ്ങളെ സമ്പൂര്‍ണമായി ചെറുത്തുതോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന് മുന്നോട്ടുപോകാന്‍ കഴിയൂവെന്ന് സംഗമം അടിവരയിട്ടു. മതത്തിന്റെ വക്താക്കളെന്ന പേരില്‍ നുണകളും വ്യാജ പ്രചാരണങ്ങളും നടത്തുകയും ചരിത്രത്തെ പോലും വളച്ചൊടിച്ച് സ്വന്തം ശരികള്‍ പൊതു ശരികളാക്കി അവതരിപ്പിച്ച് ആധിപത്യത്തിന് ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന ആഹ്വാനം കൂടിയായി സാംസ്‌കാരികോത്സവം. മാറ്റിനിര്‍ത്തപ്പെടുന്നവരുടെത് കൂടിയാണ് ലോകമെന്ന് അത് ഉറക്കെ പ്രഖ്യാപിച്ചു.

സമൂഹത്തില്‍ മേധാവിത്വവും അധികാരവും സ്ഥാപിക്കുന്നതിന് ഫാസിസം പ്രയോഗവത്കരിക്കുന്ന തന്ത്രങ്ങളെ തുറന്നുകാട്ടുന്ന പാഠശാല, നാല്‍പ്പതോളം പ്രസാധകര്‍ പങ്കെടുത്ത പുസ്തകോത്സവം, കെ ടി അബ്ദുല്‍ അനീസ്, സജീഷ് കിഷോര്‍, ഫിറോസ് ഹസന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഫാസിസത്തിനെതിരായ ചിത്രരചന, ഫോട്ടോ പ്രദര്‍ശനം, കവിയരങ്ങ്, കലാലയം നേതൃസഭ, പോരാളികളുടെ ഒത്തുചേരല്‍, കുട്ടികളുടെ പാട്ടും പറയലും തുടങ്ങിയവ സാംസ്‌കാരികോത്സവത്തെ പ്രൗഢഗംഭീരവും സമ്പന്നവുമാക്കി. ഫാസിസത്തിന്റെ ആശയപരവും ശാരീരികവുമായ അക്രമങ്ങള്‍ക്കെതിരെ വിവിധ മാധ്യമങ്ങളിലൂടെ പ്രതിരോധമുയര്‍ത്തുന്ന നൂറോളം പ്രമുഖര്‍ സാംസ്‌കാരിക നഗരിയില്‍ ഒത്തുചേര്‍ന്നപ്പോള്‍ അവരെ ശ്രവിക്കാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്.

മെയ് ആറിന് ആരംഭിച്ച പരിപാടി സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ പി രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ആക്ടിവിസ്റ്റുമായ രാം പുനിയാനി, ടി ഡി രാമകൃഷ്ണന്‍, കെ ഇ എന്‍, പി സുരേന്ദ്രന്‍, പി കെ പാറക്കടവ്, വീരാന്‍ കുട്ടി, ഡോ. പി വി കൃഷ്ണന്‍ നായര്‍ തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ നൂറിലധികം പ്രമുഖര്‍ 35 സെഷനുകളിലായി സംബന്ധിച്ചു.