Connect with us

Kerala

സംസ്ഥാനത്ത് ഫ്‌ളക്‌സ് നിരോധനം വരുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പി വി സി ഫ്‌ളക്‌സ് നിരോധനത്തിന് കളമൊരുങ്ങുന്നു. പുനരുപയോഗിക്കാന്‍ കഴിയാത്ത ഫ്‌ളക്‌സ് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നീക്കം. ഫ്‌ളക്‌സ് ഉപയോഗം വര്‍ധിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും വഴിവെക്കുന്നതായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗം ഫ്‌ളക്‌സ് നിരോധനം തത്വത്തില്‍ അംഗീകരിച്ചു.

യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടികളെല്ലാം നിരോധനം പൊതുവെ സ്വാഗതം ചെയ്തു. മേഖലയിലെ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പ് വരുത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നു. നിരോധനം സംബന്ധിച്ച ശാസ്ത്രീയവും, പ്രായോഗികവുമായ വസ്തുതകള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിശദമായ വിവരം ലഭ്യമാക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുഖവിലക്കെടുത്ത് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ അറിയിച്ചു.
ഫ്‌ളകസ് ബോര്‍ഡുകള്‍ക്ക് പകരം റീസൈക്കിള്‍ ചെയ്യാവുന്നതും പി വി സി മുക്തവുമായ പോളി എത്തിലിന്‍ നിര്‍മിത വസ്തുക്കളോ അതുപോലെയുള്ള മറ്റ് വസ്തുക്കളോ അനുവദിക്കും. പോളി എത്തിലിന്‍ ഉപയോഗിച്ചുള്ള പരസ്യ ബോര്‍ഡുകള്‍ ഉപയോഗ ശേഷം റീസൈക്ലിംഗ് നടത്താന്‍ കഴിയുമെന്നതിനാല്‍ പാരിസ്ഥിതിക അപായമുണ്ടാക്കുന്നില്ല. പോളി എത്തിലിന്‍ നിര്‍മിത വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ തൊഴില്‍ പ്രശ്‌നവും ഒഴിവാക്കാനാകും.
റീ സൈക്കിള്‍ ചെയ്യാവുന്ന ഇതര മെറ്റീരിയലുകള്‍ പി വി സി ഫ്‌ളക്‌സിന്റെ അതേ വിലയില്‍ ലഭ്യമാകുന്നതിനാല്‍ പി വി സി ഫ്‌ളക്‌സിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയാലും പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും യാതൊരു വിധ പ്രയാസവും സൃഷ്ടിക്കില്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.

തദ്ദേശസ്വയംഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും നിയമം, വ്യവസായം വകുപ്പുകളുടെ സെക്രട്ടറിമാരും ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവും ഡയറക്ടറും ചേര്‍ന്ന സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. തിരഞ്ഞെടുപ്പ് അടക്കമുള്ള പരസ്യ പ്രചാരണങ്ങള്‍ക്കൊന്നും പി വി സി ഫ്‌ളക്‌സ് അനുവദിക്കരുതെന്നാണ് സമിതിയുടെ ശിപാര്‍ശ. സര്‍ക്കാര്‍ പരിപാടികളുടേയും, സ്വകാര്യ മതപരമായ ചടങ്ങുകളുടെയും പ്രചാരണത്തിനും പി വി സി ഫ്‌ളക്‌സ് ബോര്‍ഡ്, ബാനറുകള്‍ ഉപയോഗിക്കരുത്.
ഫ്‌ളക്‌സിന് പകരം സര്‍ക്കാര്‍ അംഗീകൃത പ്രകൃതി സൗഹൃദ റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലീനോ കോട്ടണ്‍ തുണിയോ മാത്രമേ പരസ്യ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി അനുവദിക്കില്ല. ഇത്തരം മെറ്റീരിയലില്‍ പ്രിന്റ് ചെയ്യുമ്പോള്‍ “റീസൈക്ലബിള്‍, പി വി സി ഫ്രീ” എന്നലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രീന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും ഉള്‍പ്പെടുത്തണം.
തിയതി വച്ചുള്ള പ്രോഗ്രാം ബാനറുകള്‍ക്ക് പ്രോഗ്രാം അവസാനിക്കുന്ന തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും, തീയതി വെക്കാത്ത സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങള്‍ക്ക് പരമാവധി 90 ദിവസവും ഉപയോഗ അനുമതിയുണ്ടാകും. ഇത്തരം ബാനറുകള്‍ പ്രിന്റ് ചെയ്യുമ്പോള്‍ തന്നെ പ്രിന്റിംഗ് നമ്പര്‍ പതിക്കുകയും, ഈ നമ്പര്‍ പ്രകാരം പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ മുഴുവന്‍ വിവരവും സ്ഥാപനത്തില്‍ സൂക്ഷിക്കണം. പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ ഉപയോഗം അവസാനിക്കുന്ന തീയതിക്ക് ശേഷം പരമാവധി മൂന്ന് ദിവസത്തിനകം സ്ഥാപിച്ചവര്‍ തന്നെ പ്രിന്റ് ചെയ്ത സ്ഥാപനത്തില്‍ തിരിച്ചെത്തിക്കണം.

ഉപയോഗം അവസാനിക്കുന്ന തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷവും സ്ഥാപിച്ചവര്‍ തന്നെ എടുത്തുമാറ്റിയില്ലെങ്കില്‍ സ്‌ക്വയര്‍ഫീറ്റിന് നിശ്ചിത നിരക്കില്‍ സ്ഥാപിച്ചവരില്‍ നിന്നും അതാത് തദ്ദേശ സ്ഥാപനങ്ങള്‍ പിഴ ചുമത്തും. പ്രിന്റിംഗ് സ്ഥാപനങ്ങള്‍ ഉപയോഗശേഷം തിരിച്ചെത്തിക്കുന്ന ബാനറുകള്‍ നിര്‍ബന്ധമായും തിരിച്ചെടുക്കണം.
ഇത്തരം മെറ്റീരിയലുകളില്‍ പ്രിന്റ് ചെയ്യുമ്പോള്‍ പ്രിന്റിംഗ് തുകക്ക് പുറമെ സ്‌ക്വയര്‍ഫീറ്റിന് ഒരു രൂപ നിരക്കില്‍ അഡ്വാന്‍സായി ഉപഭോക്താവില്‍ നിന്ന് ഈടാക്കുകയും ഉപയോഗ ശേഷം അവ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ആ തുക ഉപഭോക്താവിന് തിരിച്ച് നല്‍കുകയും വേണം. ഉപയോഗ ശേഷം തിരിച്ചെടുക്കുന്ന ബാനറുകള്‍, പ്രിന്റിംഗ് സ്ഥാപനങ്ങള്‍ മെറ്റീരിയല്‍ സപ്ലൈ ചെയ്യുന്നവര്‍ക്ക് തിരികെ ഏല്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
തദ്ദേശ സ്വയംഭരണമന്ത്രി ഡോ. കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, സര്‍ക്കാറിന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ അജയ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. സി പി എം, കോണ്‍ഗ്രസ്, ബി ജെ പി , മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം), സി പി ഐ, ജനതാദള്‍, എന്‍ സി പി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

ഫ്‌ളക്‌സില്‍ അപകടകാരിയായ രാസപദാര്‍ഥങ്ങള്‍
വ്യാപകമായി ഉപയോഗിക്കുന്ന ഫ്‌ളക്‌സ് പുനരുപയോഗിക്കാന്‍ പറ്റാത്ത ഒരിനം പ്ലാസ്റ്റിക് ആണ്. ഉപയോഗ ശേഷം ഇത് കത്തിച്ചുകളയാനോ ഉപേക്ഷിക്കാനോ മാത്രമേ കഴിയുകയുള്ളൂ. ഫ്‌ളക്‌സ് നിര്‍മിക്കാനുപയോഗിക്കുന്ന പോളിവിനൈല്‍ ക്ലോറൈഡ് വളരെ അപകടകാരിയായ ഒരു രാസ പദാര്‍ഥമാണ് . പി വി സിയില്‍ ക്ലോറിന്‍ കൂടി ഉള്ളതിനാല്‍ ഇത് കത്തുമ്പോള്‍ വിഷവാതകങ്ങളായ ഡയോക്‌സിനും ഫ്യൂറാനും പോലുള്ള വിഷവാതകങ്ങള്‍ ഉണ്ടാകുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Latest