ബേനസീര്‍ ഭൂട്ടോ വധം: പ്രതികള്‍ക്ക് ജാമ്യം

Posted on: May 9, 2018 6:11 am | Last updated: May 8, 2018 at 11:06 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തില്‍ പങ്കുണ്ടെന്ന് സംശയിച്ചിരുന്ന അഞ്ച് താലിബാന്‍ തീവ്രവാദികള്‍ക്ക് ജാമ്യം. പാക്കിസ്ഥാന്‍ ഹൈക്കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. രണ്ട് പ്രാവശ്യം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ബേനസീര്‍ ഭൂട്ടോ 2007ല്‍ റാവല്‍പിണ്ടിയിലുണ്ടായ ബോംബാക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. രാഷ്ട്രീയ റാലിക്കിടെയായിരുന്നു ആക്രമണം.

തഹ് രീകെ താലിബാന്‍ പാക്കിസ്ഥാന്‍ നേതാവ് ബൈത്തുല്ലാ മസ്ഊദാണ് ആക്രമണത്തിന് പിന്നിലെന്ന് പര്‍വേസ് മുശര്‍റഫിന്റെ നേതൃത്വത്തിലുള്ള പാക് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ മസ്ഊദ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. 2017 ആഗസ്റ്റില്‍ പ്രതികളായ അഞ്ച് പേരെയും ആന്റിടെററിസം കോടതി കുറ്റവിമുക്തരാക്കിയിരുന്നുവെങ്കിലും ഭീകരവാദ ബന്ധമുള്ളതിനാല്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.