കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈയെന്ന് സര്‍വേ

Posted on: May 8, 2018 3:15 pm | Last updated: May 8, 2018 at 6:35 pm

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുമെന്ന് എബിപി ന്യൂസ്-സിഎസ്ഡിഎസ് സര്‍വേ. ആകെ 225 സീറ്റുകളില്‍ കോണ്‍ഗ്രസിന് 97 സീറ്റ് ലഭിക്കുമെന്ന് സര്‍വേയില്‍ പറയുന്നു.

ബിജെപി 84ഉം ജനതാ ദള്‍ സെക്യുലര്‍ 37 സീറ്റുകളും നേടുമെന്നും സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസിന് 38 ശതമാനവും ബിജെപിക്ക് 33 ശതമാനവും വോട്ട് ലഭിക്കും. ജെഡിഎസും ബിഎസ്പിയും 22 ശതതമാനം വീതം വോട്ടുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

കര്‍ഷകരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് തുണയാകുമെന്ന് പറയുന്ന സര്‍വേ 40 ശതമാനം കര്‍ഷകരുടെ പിന്തുണ സിദ്ധരാമയ്യക്ക് ലഭിക്കുമെന്നും പ്രവചിക്കുന്നു. 31 ശതമാനം കര്‍ഷകര്‍ ബിജെപിയെ പിന്തുണക്കുന്നു. 33 ശതമാനം പേരും കോണ്‍ഗ്രസ് ജയിച്ചാല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. മെയ് 12നാണ് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞാല്‍ ഫലവും പുറത്തുവരും.