Connect with us

International

പ്രസിഡന്റ് പദത്തില്‍ തുടര്‍ച്ചയായി നാലാം തവണ പുടിന്‍ അധികാരമേറ്റു

Published

|

Last Updated


ക്രെംലിനിലെ രാജകൊട്ടാരത്തിലേക്ക് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍

മോസ്‌കോ: റഷ്യയുടെ പ്രസിഡന്റായി വഌദിമിര്‍ പുടിന്‍ ഔദ്യോഗികമായി ചുമതലയേറ്റു. തുടര്‍ച്ചയായി നാലാം തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്റ് പദവിയിലെത്തുന്നത്. തലസ്ഥാനമായ മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ 65കാരനായ പുടിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റഷ്യയുടെ വര്‍ത്തമാന, ഭാവി കാലങ്ങളില്‍ റഷ്യയിലെ ഓരോ വ്യക്തിക്കും വേണ്ടി പരമാവധി ചെയ്യുകയാണ് തന്റെ ദൗത്യമെന്നും അതാണ് തന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്നും ചടങ്ങില്‍ പ്രസംഗിക്കവെ പുടിന്‍ വ്യക്തമാക്കി.

18 വര്‍ഷമായി അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നു. അടുത്ത ആറ് വര്‍ഷം കൂടി ഈ സ്ഥാനത്തിരിക്കാന്‍ റഷ്യന്‍ ജനത പുടിനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 76 ശതമാനം വോട്ടുനേടിയാണ് അദ്ദേഹം പ്രസിഡന്റ് പദവി ഉറപ്പിച്ചിരുന്നത്. 11.8 ശതമാനം വോട്ടുനേടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി പാവെല്‍ ഗ്രുഡിനിന്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നാഷനാലിസ്റ്റ് പാര്‍ട്ടി 5.6 ശതമാനം വോട്ടും കരസ്ഥമാക്കിയിരുന്നു. ദിമിത്രി മെദ് വെദെവിനെയാണ് പുടിന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തിരുന്നത്.

റഷ്യന്‍ ചാര സംഘടന കെ ജി ബിയുടെ ഉദ്യോഗസ്ഥാനായിരുന്ന പുടിന്‍ 1999ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. അഞ്ച് മാസത്തിന് ശേഷം തന്റെ 47ാമത്തെ വയസ്സില്‍ പ്രസിഡന്റ് പദവിയിലെത്തുകയും ചെയ്തു. കഴിഞ്ഞ തവണ പ്രസിഡന്റായിരിക്കെ, ക്രീമിയയെ റഷ്യയോട് കൂട്ടിച്ചേര്‍ത്ത നടപടി പുടിനെതിരെ പാശ്ചാത്യന്‍ രാജ്യങ്ങളുടെ എതിര്‍പ്പിന് ഇടവരുത്തിയിരുന്നു. സിറിയയില്‍ ഏഴ് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടെ സിറിയന്‍ സര്‍ക്കാറിന് പിന്തുണ നല്‍കാനും അദ്ദേഹം മുന്നോട്ടുവന്നു. നാല് വര്‍ഷമായി ലോകത്തെ ശക്തരായ ആളുകളുടെ കൂട്ടത്തില്‍ ഫോബ്‌സ് മാസിക പുടിനെയും എണ്ണിയിരുന്നു.

Latest