അഫ്ഗാനില്‍ ഇന്ത്യക്കാരുടെ മോചനത്തിന് ഗോത്ര വിഭാഗത്തിന്റെ സഹായം തേടുന്നു

Posted on: May 8, 2018 6:12 am | Last updated: May 7, 2018 at 11:15 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വൈദ്യുതി നിലയത്തില്‍ ജോലി ചെയ്യവെ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു. പ്രാദേശിക ഗോത്രവര്‍ഗ നേതാക്കള്‍ വഴിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മോചനത്തിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഞായറാഴ്ചയാണ് ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയും അവരുടെ ഡ്രൈവറായ അഫ്ഗാന്‍കാരനെയും വടക്കന്‍ ബാഗ്‌ലാന്‍ പ്രവിശ്യയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചത്. റാഞ്ചലിന് പിന്നില്‍ താലിബാനെന്നാണ് സൂചന. എന്നാല്‍, റാഞ്ചല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് അറിയിച്ചത്. ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ വിദേശകാര്യ മന്ത്രാലയം അഫ്ഗാന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്.

എന്‍ജിനീയര്‍മാര്‍ മിനി ബസില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി നിലയത്തിലേക്ക് പോകുമ്പോള്‍ ചെഷ്മ ഇ ഷേര്‍ പ്രദേശത്ത് വെച്ച് തോക്കുധാരികള്‍ ബസ് വളഞ്ഞ് ഇവരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. റാഞ്ചികള്‍ ആരാണ്, ഇവരെ എങ്ങോട്ടാണ് കൊണ്ടുപോയത്, ഇവരുടെ മോചനത്തിന് പണം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നൊന്നും വെളിവായിട്ടില്ല.

ഗോത്രവര്‍ഗ പ്രദേശമായതിനാലാണ് പ്രാദേശിക നേതാക്കളുടെ സഹായം തേടിയത്. ഇവര്‍ക്ക് മേഖലയില്‍ നല്ല സ്വാധീനമുണ്ടെന്നും അതിനാല്‍ എത്രയും വേഗം ഇന്ത്യാക്കാരെയും ഡ്രൈവറെയും മോചിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രവിശ്യാ ഗവര്‍ണര്‍ അബ്ദുല്‍ നെമാറ്റി പറഞ്ഞു.

അതേസമയം, താലിബാനാണ് എന്‍ജിനീയര്‍മാരെ റാഞ്ചിയതെന്നും പുല്‍ ഇ ഖുംറി നഗരത്തിലെ ദണ്ഡ് ഇ ഷഹാബുദീന്‍ എന്ന സ്ഥലത്തേക്കാണ് ഇവരെ കൊണ്ടുപോയതെന്നും ബഗ്‌ലാന്‍ ഗവര്‍ണര്‍ അബ്ദുല്‍ ഹായ് നെമാതിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ താലിബാന്‍ തട്ടിക്കൊണ്ടു പോയതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യന്‍ വിദേശ മന്ത്രാലയവും അഫ്ഗാന്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. കെ ഇ സി ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവര്‍. അഫ്ഗാനിസ്ഥാനിലെ വൈദ്യുതി നിലയങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അഫ്ഗാനിസ്ഥാന്‍ ബ്രെഷ്‌ന ഷെര്‍കത്ത് (ഡി എ ബി എസ്) എന്ന സ്ഥാപനം കെ ഇ സിയുമായി കരാറുണ്ടാക്കിയിട്ടുണ്ട്. ബാഗ് ഇ ഷമാല്‍ ഗ്രാമത്തില്‍ വൈദ്യുത സബ്‌സ്റ്റേഷന്റെ ടവറുകള്‍ സ്ഥാപിക്കാന്‍ ഡി എ ബി എസ് കരാറെടുത്തിരുന്നു. അതനുസരിച്ചുള്ള ജോലിക്ക് പോകുകയായിരുന്നു എന്‍ജിനീയര്‍മാര്‍.