സി പി എം, ബി ജെ പി പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

Posted on: May 7, 2018 10:21 pm | Last updated: May 8, 2018 at 10:40 am

തലശേരി: മാഹി പള്ളൂരില്‍ സി പി എം നേതാവും ആര്‍ എസ് എസ് പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചു. മറ്റൊരു സി പി എം പ്രവര്‍ത്തകനെ വെട്ടേറ്റ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി നഗരസഭാ മുന്‍ കൗണ്‍സിലറും സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമായ കണ്ണിപൊയില്‍ ബാബു (48), ന്യൂമാഹിയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകനും ഓട്ടോഡ്രൈവറുമായ ഷിനേജുമാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂരിലും മാഹിയിലും സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍ വാഹനങ്ങളെ ഒഴിവാക്കിയതായി സി പി എം ജില്ലാ കമ്മിറ്റി അറിയിച്ചു.

ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിന് സമീപത്തുകൂടെ വീട്ടിലേക്ക് പോകുകയായിരുന്ന ബാബുവിനെ വാഹനത്തിലെത്തിയ അക്രമികള്‍ ക്രൂരമായി വെട്ടുകയായിരുന്നു. കഴുത്തിനും കൈകള്‍ക്കുമാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടേറ്റത്. ഉടനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാബുവിന്റെ മരണ വിവരമറിഞ്ഞ് മാഹി പള്ളൂര്‍ ഭാഗത്ത് നിന്നും തലശേരിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും ഇന്ദിരാ ആശുപത്രിയിലേക്ക് ഒഴുകി എത്തി.
ഇതിനിടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഷിനേജിന് മാഹി കലാഗ്രാമത്തിനടുത്തുവെച്ച് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷിനേജ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രാത്രി 11.30ഓടെയാണ് സി പി എം പ്രവര്‍ത്തനായ മാഹി ചെമ്പ്രയിലെ സുധീഷിന് വെട്ടേറ്റത്. കാലിനും തലക്കുമാണ് വെട്ടേറ്റത്.

എ എസ് പി ചൈത്രതെരേസ ജോണിന്റെ നേതൃത്വത്തില്‍ പോലീസ് കൊലപാതകികള്‍ക്കായി അന്വേഷണം ആരംഭിച്ചു. മാഹിയിലെ പൊതുപ്രവര്‍ത്തകനായ ബാബു തലശേരി- മാഹി ബൈപ്പാസിന്റെ ആക്ഷന്‍ കമ്മിറ്റി നേതാവ് കൂടിയാണ്. ഒരു വര്‍ഷം മുമ്പും ബാബുവിനെതിരെ ആക്രമണ ശ്രമമുണ്ടായിരുന്നു. സമാധാനം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസിന്റെ കൊലക്കത്തി താഴെ വെക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ബാബുവിന്റെ കൊലപാതകത്തിലൂടെ തെളിയുന്നതെന്ന് സി പി എം പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.