കര്‍ണാടക തിരഞ്ഞെടുപ്പ്: ഒമ്പതിന് തന്നെ മടങ്ങാന്‍ മഅ്ദനിക്ക് നിര്‍ദേശം

Posted on: May 7, 2018 8:11 pm | Last updated: May 8, 2018 at 10:01 am

കൊല്ലം: പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ഒന്‍പതിനു ബെംഗളൂരുവിലേക്കു മടങ്ങും. കര്‍ണാടക തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സുരക്ഷ ഉദ്യോഗസ്ഥരെ കര്‍ണാടക തിരിച്ചുവിളിച്ചതോടെയാണ് ജാമ്യകാലാവധി വെട്ടിച്ചുരുക്കി മഅ്ദനി ഒമ്പതിന് ബംഗളുരുവിലേക്ക് മടങ്ങുന്നത്.

കര്‍ണാടകത്തില്‍ നിന്നുള്ള ആറു പോലിസുകാര്‍ക്കാണ് സുരക്ഷാ ചുമതല. ഇതിനിടെ കഴിഞ്ഞ ദിവസം കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ജീവനക്കാരെ അനുവദിക്കാന്‍ സാധിക്കില്ലെന്നും ഒമ്പതിന് മടങ്ങിയെത്തണമെന്നും കര്‍ണാടക പോലിസ് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോടതി അനുവദിച്ച സമയത്തേക്കാള്‍ രണ്ട് ദിവസം ബാക്കിയാക്കി അദ്ദേഹം ബംഗലുരുവിലേക്ക് മടങ്ങുന്നത്.

അര്‍ബുദബാധിതയായി ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ ഈ മാസം 11 വരെ കേരളത്തില്‍ തങ്ങാന്‍ ബെംഗളൂരു എന്‍ ഐ എ കോടതി അനുമതി നല്‍കിയിരുന്നു. കര്‍ണാടക പോലിസിന്റെ സുരക്ഷയില്‍ വേണം കേരളത്തിലേക്ക് പോകേണ്ടതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസുകാരുടെ ചെലവ് ഉള്‍പ്പടെ ഒരു ലക്ഷത്തോളം രൂപ മഅ്ദനി അടച്ചെങ്കിലും മൂന്നിന് സുരക്ഷ അനുമതി ലഭിക്കാതിരുന്നതോടെ യാത്ര നടന്നിരുന്നില്ല. പിന്നീട് സിറ്റി ആംഡ് റിസര്‍വ് (സിഎആര്‍) പോലീസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്ന് നാലിന് രാവിലെ റോഡുമാര്‍ഗ്ഗമാണ് മഅ്ദിനി ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചത്.