ചെങ്ങന്നൂരില്‍ സജി ചെറിയാന് വിജയസാധ്യതയെന്ന് വെള്ളാപ്പള്ളി നടേശന്‍

Posted on: May 7, 2018 1:01 pm | Last updated: May 7, 2018 at 2:27 pm

ആലപ്പുഴ: ബിജെപിക്കും സിപിഎം നേതാവിനുമെതിരെ വിമര്‍ശവുമായി എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ . ബിഡിജെഎസിനോട് ബിജെപിക്ക് അവഗണനയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രണ്ട് വര്‍ഷം കാത്തിരുന്നിട്ടും ബിഡിജെഎസിന് ഒന്നും കൊടുക്കാന്‍ ബിജെപി തയ്യാറായില്ലെന്നും ഇദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാത്തതില്‍ എസ്എന്‍ഡിപിക്കും വിഷമമുണ്ട്. ബിജെപി കേരള ഘടകത്തിന് ഇതില്‍ താല്‍പര്യമില്ലെന്നാണറിയുന്നത്. ബിജെപി കേരള ഘടകം അവര്‍ക്ക് ആവശ്യമുള്ളത് ചോദിച്ചു വാങ്ങുന്നുണ്ടെങ്കിലും ഘടക കക്ഷികള്‍ക്ക് ഒന്നും കൊടുക്കുന്നില്ല. ചെങ്ങന്നൂരില്‍ സജി ചെറിയാനാണ് മുന്‍തൂക്കമെന്ന് പറഞ്ഞ വെള്ളാപ്പള്ളി ശ്രീധരന്‍ പിള്ള മൂന്നാം സ്ഥാനത്താണെന്നും പറഞ്ഞു.

ബിഡിജെഎസിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കില്ലെന്ന സിപിഎം കേന്ദ്ര കമ്മറ്റിയംഗം എംവി ഗോവിന്ദന്റെ നിലപാട് സജി ചെറിയാനെ തോല്‍പ്പിക്കാനുള്ള ശ്രമമാണോയെന്ന് സംശയമുണ്ട്. ഗോവിന്ദന്റേത് അനവസരത്തിലുള്ള പരാമര്‍ശമാണ് .

ബിഡിജെഎസ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ഗോവിന്ദന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫിലുള്ള എല്ലാ പാര്‍ട്ടികളും മതേതര കക്ഷികളാണോയെന്ന മറു ചോദ്യമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഉള്ളതുകൊണ്ടാണ് ശ്രീധരന്‍ പിള്ളക്ക് വലിയ തോതില്‍ വോട്ട് ലഭിച്ചതെന്നും ബിഡിജെഎസ് ഇല്ലെങ്കില്‍ വോട്ട് കുറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.