ഇന്റീരിയര്‍ ഡിസൈനറുടെ മരണം: അര്‍ണാബിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തു

Posted on: May 7, 2018 6:09 am | Last updated: May 7, 2018 at 12:18 am
അര്‍ണബ് ഗോസ്വാമി

മുംബൈ: ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചാര്‍ജ് അര്‍ണാബ് ഗോസാമിയടക്കം മൂന്ന് പേര്‍ക്കെതിരെ അലിബാഗ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തു. അലിബാഗില്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വേ നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നായിക്കിന്റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. നായിക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ സമീപത്ത് അദ്ദേഹത്തിന്റെ മാതാവ് കുമുദിന്റെ മൃതദേഹവും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുമുദിന്റെ മരണകാരണം വെളിവായിട്ടില്ല.

അര്‍ണാബ് ഗോസാമിക്ക് പുറമെ ഐകാസ്റ്റ് എക്‌സ് സ്‌കൈ മീഡിയയിലെ ഫിറോസ് ശേഖ്, സ്മാര്‍ട്ട് വര്‍ക്‌സ് തലവന്‍ നിതീഷ് സര്‍ധ എന്നിവര്‍ക്കെതിരെയാണ് കേസ്. നായിക്കിന്റെ കോണ്‍കോഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സേവനം റിപ്പബ്ലിക്ക് ടി വി ഉപയോഗപ്പെടുത്തിയെങ്കിലും പണം നല്‍കിയില്ലെന്നും ഇതാണ് നായിക്കിന്റെ അത്മഹത്യയിലേക്ക് നയിച്ചതെന്നും ഭാര്യ പരാതിയില്‍ പറയുന്നു. എന്നാല്‍ ചാനലിനെതിരായ വ്യാജ പ്രചരണങ്ങളാണിതെന്നും കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും നല്‍കിയതിനുള്ള തെളിവ് കൈവശമുണ്ടെന്നും റിപ്പബ്ലിക്ക് ടി വി പ്രസ്താവനയില്‍ പറഞ്ഞു.

‘ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. 2016 ഡിസംബറില്‍ കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടിരുന്നു. കുടിശ്ശികയുള്ള തുകയെല്ലാം കൊടുത്തുതീര്‍ത്തതാണ്. അതിന്റെ രേഖകളെല്ലാം കൈവശമുണ്ട്. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ അതെല്ലാം സമര്‍പ്പിക്കും. നായിക്കിന്റെ മരണത്തില്‍ അനുശോചിക്കുന്നു’ എന്നാണ് ചാനല്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

അര്‍ണബടക്കം മൂന്നുപേര്‍ക്കെതിരെയും ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് സഞ്ജയ് പാട്ടീല്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പില്‍ മൂവരുടെയും പേരുണ്ടായിരുന്നു. പണം നല്‍കാത്തതുമൂലം നായിക്കിന്റെ ബിസിനസ് നഷ്ടത്തിലായെന്നും അക്കാരണത്താലാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.