Connect with us

Kerala

നിയമത്തിലെ പഴുത് ഉപയോഗിച്ച് കേരളത്തിലേക്ക് സ്വര്‍ണം ഒഴുകുന്നു

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന്റെ അളവില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എണ്‍പത് ശതമാനത്തിലധികമാണ് വര്‍ധന രേഖപ്പെടുത്തിയത്. പ്രധാനമായും കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയാണ് അനധികൃതമായി വന്‍തോതില്‍ സ്വര്‍ണം കടത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിയമത്തിന്റെ പഴുത് ഉപയോഗിച്ചാണ് വന്‍തോതില്‍ അനധികൃതമായി സ്വര്‍ണം കടത്തുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 86.957 കിലോ സ്വര്‍ണം പിടിച്ചെടുത്തപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്തിയ 78.73 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. വിപണിയില്‍ അമ്പത് കോടിയിലധികം രൂപ വില വരുന്നതാണ് ഈ സ്വര്‍ണം. തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ കാലയളവില്‍ കോഴിക്കോട്ട് ഇത് 13.45 കോടിയായിരുന്നു. ഇതാണ് ഒരു വര്‍ഷത്തിനിടെ അഞ്ചിരട്ടി വര്‍ധിച്ച് 78.73 കോടിയിലെത്തിയത്.

നികുതി വെട്ടിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണമെത്തുമ്പോള്‍ ഒരു കിലോഗ്രാമില്‍ മൂന്ന് മുതല്‍ നാല് വരെ ലക്ഷം രൂപ ലാഭമുണ്ടെന്നതാണ് സ്വര്‍ണക്കടത്തിന് പിന്നിലെ പ്രധാന പ്രചോദനം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം അനധികൃതമായി കടത്തിയത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൊച്ചിയില്‍ വര്‍ഷം 86.95 ശതമാനവും തിരുവനന്തപുരത്ത് 14.74 ശതമാനവുമാണ് വര്‍ധന രേഖപ്പെടുത്തിയത്. വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും സ്വര്‍ണക്കടത്തെന്ന് ഡി ആര്‍ ഐ വക്താവ് പറഞ്ഞു.

സ്വര്‍ണക്കടത്തിനെതിരായ നിയമം ദുര്‍ബലമാണെന്നതാണ് കടത്ത് വര്‍ധിച്ചതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിലെ നിയമപ്രകാരം ഇരുപത് ലക്ഷം രൂപ വരെയുള്ള സ്വര്‍ണം കടത്തുന്നതിന് അറസ്റ്റ് രേഖപ്പെടുത്താതെ തന്നെ പിഴയടച്ച് തിരികെയെടുക്കാനും ഇരുപത് ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള കടത്തിന് അറസ്റ്റ് ചെയ്താലും പിഴയടക്കുന്നതോടെ ജാമ്യം ലഭിക്കാനും സാധ്യതയുള്ള രീതിയാണ് നിലനില്‍ക്കുന്നത്. ഇങ്ങനെ പലതവണ കടത്തുമ്പോള്‍ വല്ലപ്പോഴും മാത്രമേ പിടിക്കപ്പെടുവെന്നതിനാല്‍ പിഴയടച്ച് രക്ഷപ്പെടുകയാണ് പതിവ്. അതേസമയം, വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളെ വെല്ലുന്ന തരത്തില്‍ കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജന്‍സിന്റെയും കണ്ണ് വെട്ടിച്ച് സ്വര്‍ണം കടത്താനുള്ള നൂതനമാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് കള്ളക്കടത്തുകാര്‍ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിക്കുന്നത്. നിലവില്‍ സുരക്ഷാ പരിശോധനക്ക് ഉപയോഗിക്കുന്ന സ്‌കാനറുകളെയും മെറ്റല്‍ ഡിറ്റക്ടറുകളെയും വിദഗ്ധമായി കബളിപ്പിക്കുന്ന മാര്‍ഗങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്.

പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളായ യു എ ഇ, ഖത്വര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് നികുതി വെട്ടിച്ചുള്ള സ്വര്‍ണമൊഴുകുന്നത്. ഇതിന് പുറമെ കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ പിടിക്കപ്പെടുന്ന അനധികൃത സ്വര്‍ണത്തിലധികവും കേരളത്തിലേക്കുള്ളവയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡി ആര്‍ ഐ വാക്താവ് പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം പുരുഷന് അമ്പതിനായിരം രൂപയുടെയും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണമാണ് നികുതിയില്ലാതെ വിദേശത്ത് നിന്ന് കൊണ്ടുവരാന്‍ അനുമതിയുള്ളത്. ഇതിന് മുകളിലുള്ളതിന് 11 ശതമാനം നികുതിയാണ് നല്‍കേണ്ടത്. ഈ ഇളവ് തന്നെ വിദേശ രാജ്യങ്ങളില്‍ ആറ് മാസം താമസിക്കുന്നവര്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്.

Latest