Connect with us

Kerala

പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം: മന്ത്രി സുനില്‍ കുമാര്‍

Published

|

Last Updated

കലാലയം സാംസ്‌കാരിക വേദിയുടെ സാംസ്‌കാരികോത്സവം തൃശൂരില്‍
മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: “മാറ്റിനിര്‍ത്തപ്പെട്ടവര്‍ പങ്കുചോദിക്കുന്നു” എന്ന പ്രമേയത്തില്‍ കലാലയം സാംസ്‌കാരിക വേദി തൃശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവത്തിന് പ്രൗഢ തുടക്കം. ടൗണ്‍ഹാളില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന സാംസ്‌കാരിക സംഗമം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്ത് ഫാസിസം നടപ്പാക്കിക്കഴിഞ്ഞെന്നും അതിന്റെ ഫലങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സവര്‍ണ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ആസൂത്രിതമായി ജനതയെ വര്‍ഗീയമായി വേര്‍തിരിച്ച് കലാപമുണ്ടാക്കാനാണ് ശ്രമം. ഇതിനായി വിഭ്രാന്തികളും ആശയക്കുഴപ്പങ്ങളും വളര്‍ത്തുന്നു. പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യം ജാഗ്രതയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യണം. സാമ്രാജ്യത്വവുമായും പണാധിപത്യ ശക്തികളുമായും കൂട്ടുചേര്‍ന്നാണ് ഫാസിസം വളരുന്നത്. അതിനെ ചെറുക്കാന്‍ ജാതി- മത വേര്‍തിരിവുകളില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്കായി നിലകൊള്ളുകയാണ് വേണ്ടത്. രാജ്യത്തിന്റെ ബഹുസ്വര സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് ശരിയായ ബോധ്യമുള്ളവരുടെ കൂട്ടായ്മ പടുത്തുയര്‍ത്തിയാണ് ഫാസിസത്തെ എതിര്‍ക്കേണ്ടത്.

കേരളത്തിന്റെ ചരിത്രത്തില്‍ ഹിന്ദു സമുദായത്തിനകത്തു നിന്നു തന്നെയുള്ള കീഴാള വിഭാഗക്കാരാണ് സവര്‍ണതക്കെതിരായ നവോത്ഥാന മുന്നേറ്റത്തിന് തിരികൊളുത്തിയത്. ഈഴവന് വഴി നിഷേധിച്ചത് ഇവിടുത്തെ മുസ്‌ലിംകളോ ക്രിസ്ത്യാനികളോ അല്ലെന്ന് അവര്‍ക്ക് നന്നായറിയാമായിരുന്നു.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ ഒന്നിക്കണമെന്ന സംഘ്പരിവാര്‍ മുദ്രാവാക്യം അപകടകരമാണ്. നാടിന്റെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജാതി താത്പര്യങ്ങളാണ് ഇന്ത്യയില്‍ ജനാധിപത്യം തകരുന്നതിന് കാരണമാകുന്നത്. ബഹുസ്വര സമൂഹത്തിന്റെ തകര്‍ച്ച ഫാസിസത്തിന് വളരാന്‍ സാഹചര്യം സൃഷ്ടിക്കുമെന്നത് മുന്നില്‍ക്കണ്ട് ധിഷണാപരമായ കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഈ കൂട്ടായ്മ വോട്ടു ബേങ്ക് രാഷ്ട്രീയത്തിനപ്പുറത്തേക്ക് വളരണമെന്നും മന്ത്രി പറഞ്ഞു.
മാറ്റിനിര്‍ത്തപ്പെട്ടവര്‍ നടുത്തളത്തിലിറങ്ങേണ്ട കാലമാണിതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കി സാംസ്‌കാരിക ബോധത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സംഘ്പരിവാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഭയപ്പെടുത്തിയാണ് ഭരിക്കുന്നത്. “സാരേ ജഹാംസേ അച്ചാ” എന്ന് പാടിയത് മുഹമ്മദ് ഇഖ്ബാലാണെന്ന് ഓര്‍ക്കണം. മുഗള്‍ രാജാക്കന്മാര്‍ ഭരിച്ച കാലത്തും രാജ്യത്ത് മതേതരത്വം നിലനിന്നിരുന്നു. ഇരുട്ടില്‍ പ്രളയം വരുന്നതു പോലെയാണ് ആര്‍ എസ് എസ് നുണകള്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദു മതത്തിലെ താഴ്ന്ന ജാതിക്കാരന് വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുവെന്നത് ശുഭകരമായ കാര്യമാണ്. ഉന്നതമായ സാംസ്‌കാരിക ബോധമുള്ളതിനാല്‍ ന്യൂനപക്ഷങ്ങള്‍ ഇന്നും സ്വസ്ഥമായി കിടന്നുറങ്ങുന്ന ഏക സംസ്ഥാനം കേരളമാണെന്നും വൈശാഖന്‍ പറഞ്ഞു.

ഫാസിസം ജനാധിപത്യത്തെ പ്രതിസന്ധിയിലാക്കുന്ന കാലത്ത് ഇസ്‌ലാമിന്റെ ഏകത്വത്തിനകത്ത് എല്ലാ ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാനാകുന്നുണ്ടെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച സാഹിത്യകാരന്‍ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഉള്‍ക്കൊള്ളലുകള്‍ക്ക് പകരം പുറന്തള്ളലുകളുണ്ടാകുന്നു എന്നതാണ് ഇന്നത്തെ പ്രധാന പ്രതിസന്ധി. മനുഷ്യന്‍ മനുഷ്യനാകുന്നത് ഉള്‍ക്കൊള്ളലില്‍ നിന്നാണ്. എല്ലാ വൈരുധ്യങ്ങളെയും വിശാലതയെയും ഉള്‍ക്കൊള്ളുന്നതാണ് ഹൈന്ദവത. എന്നാല്‍, സവര്‍ണ ഫാസിസം വിയോജിക്കുന്നവരെയെല്ലാം ശത്രുപക്ഷത്ത് നിര്‍ത്തുകയാണ് ചെയ്യുന്നത്. അവര്‍ ഇല്ലാതാക്കുന്നത് ഹൈന്ദവ സമൂഹത്തിലെ നന്മകളെ തന്നെയാണ്. കത്വ സംഭവത്തിലൂടെ ഹൈന്ദവ സംസ്‌കാരമാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ജനാധിപത്യത്തിനകത്ത് തന്നെ ഫാസിസത്തിന് കടന്നുവരാനുള്ള പഴുതുകളുണ്ട്. ചിലരെ മാറ്റി നിര്‍ത്തണമെന്ന ബോധം ജനാധിപത്യവിരുദ്ധമാണ്. മാറ്റിനിര്‍ത്തപ്പെടുന്നവരുടെ കൂടെ നില്‍ക്കുന്നതു കൊണ്ട് പാര്‍ശ്വവത്കരിക്കപ്പെടുന്നവരുമുണ്ട്. എല്ലാത്തരം ബഹുസ്വരതകളെയും ഇല്ലാതാക്കി ഏകശിലാത്മകമ രാജ്യത്തെ രൂപപ്പെടുത്താന്‍ സവര്‍ണ ഫാസിസം ശ്രമിക്കുമ്പോള്‍ അതിനെ ജനാധിപത്യ ബോധമുള്ള കൂട്ടായ്മകളുയര്‍ത്തി പ്രതിരോധിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഡോ. വി കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ആരംഭിച്ച പുസ്തകോത്സവം വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. സി കെ എം ഫാറൂഖ്, മുഹമ്മദലി കിനാലൂര്‍ പ്രസംഗിച്ചു. കവിയരങ്ങില്‍ വി ജി തമ്പി, കുഴൂര്‍ വിത്സണ്‍, മോഹന്‍ അറക്കല്‍, പ്രദീപ് രാമനാട്ടുകര, അബ്ദുല്ല പേരാമ്പ്ര, നൗഫല്‍ പനങ്ങാട്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കവിതകള്‍ അവതരിപ്പിച്ചു.

സാംസ്‌കാരികോത്സവത്തില്‍ ഇന്ന്

തൃശൂര്‍: സാംസ്‌കാരികോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ടൗണ്‍ഹാളില്‍ പഠനശാല നടക്കും. ഒമ്പത് മണിക്ക് ആരംഭിക്കുന്ന പഠനശാല പ്രമുഖ സാമൂഹിക വിമര്‍ശകന്‍ രാംപുനിയാനി ഉദ്ഘാടനം ചെയ്യും. ഡോ. കെ എം അനില്‍, കെ എസ് മാധവന്‍, മുസ്തഫ പി എറയ്ക്കല്‍, ഡോ. പി കെ പോക്കര്‍, കെ കെ ബാബുരാജ്, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഒ പി രവീന്ദ്രന്‍, സി കെ അബ്ദുല്‍ അസീസ്, വി ആര്‍ അനൂപ് പഠനങ്ങള്‍ അവതരിപ്പിക്കും. നേരത്തെ പേര് രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കായിരിക്കും പ്രവേശനം. വൈകിട്ട് അഞ്ചിന് കുട്ടികളുടെ പ്രദര്‍ശനവും ഏഴിന് മഹ്ഫൂസ് കമാലും സംഘവും അവതരിപ്പിക്കുന്ന ഗസലും അരങ്ങേറും.

 

Latest