Connect with us

Kerala

അപകടമില്ലാതാക്കാന്‍ റെയില്‍വേ രാത്രികാല മീറ്റര്‍ഗേജ് ട്രെയിനുകള്‍ നിര്‍ത്തുന്നു

Published

|

Last Updated

പാലക്കാട്: വര്‍ധിച്ച് വരുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ റെയില്‍വേ രാത്രികാല മീറ്റര്‍ഗേജ് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു. ട്രെയിനപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവഹാനിയുണ്ടാകുന്ന സാഹചര്യത്തിലാണ്, ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കാതെ തലതിരിഞ്ഞ പരിഷ്‌കാരം നടപ്പാക്കാനുള്ള റെയില്‍വേയുടെ തീരുമാനം. കഴിഞ്ഞയാഴ്ച ഗോരഖ്പൂരില്‍ ക്രോസിംഗില്‍ വാനില്‍ ട്രെയിനിടിച്ച് 13 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചതാണ് അപകടങ്ങളില്‍ ഒടുവിലത്തേത്.

റെയില്‍വേ അപകടങ്ങള്‍ക്ക് മുഖ്യകാരണം കാവല്‍ക്കാരില്ലാത്ത റെയില്‍വേ ക്രോസുകളാണ്. രാത്രികാലങ്ങളില്‍ ഇത്തരം ക്രോസുകളിലാണ് അപകടം കൂടുതലും ഉണ്ടാകുന്നതെന്ന് റെയില്‍വേ വിലയിരുത്തുന്നു. മീറ്റര്‍ ഗേജ്പാതകളിലൂടെയുള്ള രാത്രിയാത്രയിലും അപകടങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ടെന്ന് റെയില്‍വേ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാത്രി സര്‍വീസ് നടത്തുന്ന 73 ട്രെയിനുകള്‍ നിര്‍ത്താലാക്കാനാണ് നീക്കമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രാത്രി യാത്ര റദ്ദാക്കുന്ന മീറ്റര്‍ ഗേജ് തീവണ്ടികളുടെ വിവരം വൈകാതെ പുറത്തുവിടുമെന്നാണ് സൂചന.

രാജ്യത്ത് 1000 കിലോമീറ്റര്‍ മീറ്റര്‍ ഗേജ് പാതയില്‍ 1135 ആളില്ലാലെവല്‍ ക്രോസുകളാണുള്ളത്. ഇതാണ് അപകടങ്ങള്‍ ധാരാളമായി ക്ഷണിച്ച് വരുത്തുന്നതെന്നാണ് റെയില്‍വേയുടെ നിഗമനം. 5792 ലെവല്‍ ക്രോസുകളില്‍ 3479 എണ്ണം ബ്രോഡ്‌ഗേജാണ്. 1135 മീറ്റര്‍ ഗേജുകളും 1178 നരോ ഗേജ് ലെവല്‍ ക്രോസുകളുമാണുള്ളത് കുന്നും മലയുമുള്ള പ്രദേശങ്ങളില്‍ നാരോഗേജ് ലെവല്‍ക്രോസുകളാണുള്ളത്.

അപകടങ്ങള്‍ ഒഴിവാക്കുന്നതിന് രാവിലെയുള്ള യാത്രയാണ് നല്ലതെന്ന് റെയില്‍വേ മന്ത്രാലയം വക്താവ് അഭിപ്രായപ്പെട്ടു. നേരത്തെ ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ച സഹാചര്യത്തില്‍ സുരക്ഷക്കായി ഡ്രോണുകളെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല. ട്രാക്കിലെ അറ്റകുറ്റപ്പണികള്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍, ട്രെയിന്‍ സുരക്ഷിതത്വം എന്നിവയൊക്കെ നിരീക്ഷിക്കാനാണ് ഡ്രോണുകളെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇത്തരം ആധുനിക സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്താതെയാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത്. ഇപ്പോള്‍ മീറ്റര്‍ ഗേജ് ട്രെയിനുകളാണെങ്കില്‍ ഭാവിയില്‍ ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്തിവെച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.