കൊല്‍ക്കത്തയെ തളച്ച് മുംബൈ ഇന്ത്യന്‍സ്

Posted on: May 7, 2018 6:13 am | Last updated: May 6, 2018 at 11:22 pm
മുംബൈ നായകന്‍ രോഹിത് എതിര്‍ ടീമംഗത്തിന് ഹസ്തദാനം ചെയ്യുന്നു

മുംബൈ: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ആവേശകരമായ ജയം. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്്‌റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ടൂര്‍ണമെന്റിലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്.

സ്വന്തം തട്ടകത്തില്‍ 13 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ കൊല്‍ക്കത്തന്‍ പോരാട്ടം ആറ് വിക്കറ്റിന് 168 റണ്‍സിലൊതുങ്ങുകയായിരുന്നു.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.
സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്ന് മുംബൈയുടെ നാലാം വിജയം കൂടിയാണിത്. ഓപണര്‍മാരായ സൂര്യകുമാര്‍ യാദവിന്റേയും (59) എവിന്‍ ലെവിസിന്റെയും (43) ഹാര്‍ദിക് പാണ്ഡ്യയുടെയും (35*) മികച്ച ഇന്നിംഗ്‌സുകളാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മറുപടിയില്‍ റോബിന്‍ ഉത്തപ്പയും (54) ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികും (36*) നിതീഷ് റാണെയും (31) പൊരുതി നോക്കിയെങ്കിലും മുംബൈ നല്‍കിയ വിജയലക്ഷ്യം മറികടക്കാനായില്ല. 35 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഉത്തപ്പയുടെ ഇന്നിംഗ്‌സ്. പുറത്താവാതെ 26 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും കാര്‍ത്തികിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 27 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് റാണെയുടെ ഇന്നിംഗ്‌സ്. ബൗളിംഗില്‍ രണ്ട് നിര്‍ണായക വിക്കറ്റുകളാണ് ഹാര്‍ദിക് വീഴ്ത്തിയത്. അപകടകാരികളായ സുബ്മാന്‍ ഗില്ലും നിതീഷ് റാണെയുമാണ് ഹാര്‍ദിക് പുറത്താക്കിയത്. ഇത് നിര്‍ണായകമായി.

ഒരുഘട്ടത്തില്‍ മുംബൈ സ്‌കോര്‍ അനായാസം 200 കടക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍, ലെവിസിനു പിന്നാലെ ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്ത മത്‌സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. 9.2 ഓവറില്‍ സ്‌കോര്‍ ബോര്‍ഡ് 91ല്‍ നില്‍ക്കേ ലെവിസിനെയാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. 28 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ അര്‍ധസെഞ്ച്വറിയിലേക്ക് മുന്നേറുകയായിരുന്ന ലെവിസിനെ ആന്ദ്രെ റസ്സലിന്റെ ബൗളിങില്‍ ക്രിസ് ലിന്‍ പിടികൂടുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു. രോഹിതില്‍ നിന്ന് മികച്ച ഇന്നിങ്‌സ് പ്രതീക്ഷിച്ച മുംബൈക്ക് തെറ്റി. 11 പന്തില്‍ 11 റണ്‍സടിച്ച രോഹിതിനെ നരെയ്ന്‍ പുറത്താക്കുകയായിരുന്നു.
39 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ച് മുംബൈയുടെ ടോപ്‌സ്‌കോററായ സൂര്യകുമാറിനെ റസ്സലിന്റെ ബൗളിംഗില്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക് കൈകളിലൊതുക്കി. എന്നാല്‍, അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്തി ഹാര്‍ദിക് പാണ്ഡ്യയും (35*) ക്രുനാല്‍ പാണ്ഡ്യയും (14) ജെപി ഡുമിനിയും (13*) മുംബൈയെ പൊരുതാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. പുറത്താവാതെ 20 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഹാര്‍ദികിന്റെ ഇന്നിങ്‌സ്. ക്രുനാല്‍ 11 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറും ഡുമിനി 11 പന്തില്‍ ഒരു സിക്‌സറും നേടി. കൊല്‍ക്കത്തയ്ക്കു വേണ്ടി നരെയ്‌നും റസ്സലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. നേരത്തെ, കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് മുംബൈ നിര്‍ണായക അങ്കത്തിനിറങ്ങിയത്.

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മല്‍സരത്തില്‍ കളിക്കാതിരുന്ന നിതീഷ് റാണെയാണ് കൊല്‍ക്കത്തന്‍ നിരയില്‍ തിരിച്ചെത്തിയത്. ഇതോടെ റിന്‍കു സിങിനാണ് പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമായത്. പരിക്കിനെ തുടര്‍ന്ന് ബൗളര്‍ ശിവാം മാവിക്കു പകരം പ്രസിദ് കൃഷ്ണയും കൊല്‍ക്കത്തന്‍ നിരയില്‍ ഇടംപിടിച്ചു.