‘തൂക്കു സഭ പ്രചാരണം ഗൂഢാലോചന’

Posted on: May 7, 2018 6:00 am | Last updated: May 6, 2018 at 11:07 pm

ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനമാണ് കര്‍ണാടക. 10 വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാന്‍  ബി ജെ പി സര്‍വ്വസന്നാഹവുമായി കളം നിറഞ്ഞ് പോരാടുകയാണ്. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത്ഷായുമാണ് ബി ജെ പിയുടെ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. കര്‍ണാടകയില്‍ ബി ജെ പി വീണ്ടും താമര വിരിയിക്കുമോ? കേവല ഭൂരിപക്ഷം നേടുമോ? ബി ജെ പി സംസ്ഥാന അധ്യക്ഷനും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി എസ് യെദ്യൂരപ്പ ബെംഗളൂരു പ്രസ്‌ക്ലബ്ബില്‍ ‘സിറാജി’ന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്: 

 

സംസ്ഥാനത്ത് രാഷ്ട്രീയ കാലാവസ്ഥ  ബി ജെ പിക്ക് അനുകൂലമാണോ?

അഞ്ച് വര്‍ഷം കര്‍ണാടക ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടപ്പ് ഫലം. പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ സിദ്ധരാമയ്യക്ക് സാധിച്ചിട്ടില്ല. മന്ത്രിസഭയിലെ ഭൂരിഭാഗം പേരും വിവിധ ആരോപണങ്ങള്‍ നേരിടുന്നു. കര്‍ഷക ആത്മഹത്യ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ ഒരു ഡസനോളം പ്രവര്‍ത്തകരാണ് രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്കിരയായത്. ക്രമസമാധാനം തകര്‍ന്ന സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത അവസ്ഥ. മെയ് 17ന് ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തും. ക്രമസമാധാന നില ഭദ്രമാക്കുക എന്നതിനായിരിക്കും ബി ജെ പി  സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരം കാണും.

മിഷന്‍ 150 എന്ന ബി ജെ പിയുടെ സ്വപ്‌നം പൂവണിയുമോ?

224 സീറ്റുകളില്‍ 150 എണ്ണത്തിലെങ്കിലും വിജയിക്കുക എന്ന ലക്ഷ്യമാണ്  ഞങ്ങള്‍ക്കുള്ളത്. ബി ജെ പി തുടക്കം മുതല്‍ പ്രചാരണം നടത്തിയതും ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. ആദ്യഘട്ടത്തില്‍ നടത്തിയ പരിവര്‍ത്തന്‍ യാത്രയില്‍ തന്നെ ജനങ്ങളില്‍ നിന്നും ആവേശകരമായ പ്രതികരണമാണുണ്ടായത്.

ജനാര്‍ദ്ദന റെഡ്ഢിയോടൊപ്പം പ്രചാരണം നടത്തിയത് ബി ജെ പിക്ക് മോശം ഇമേജ് ഉണ്ടാക്കിയിട്ടില്ലേ?

ചിത്രദുര്‍ഗ ജില്ലയില്‍ ചിലയിടങ്ങളില്‍ ജനാര്‍ദ്ദന റെഡ്ഢി ബി ജെ പി സ്ഥാനാര്‍ഥികളോടൊപ്പം ആദ്യഘട്ടത്തില്‍ പ്രചാരണം നടത്തിയിരുന്നു. ബല്ലാരി മേഖലയില്‍ ബി ജെ പിയുടെ വിജയത്തിന് ജനാര്‍ദ്ദന റെഡ്ഢിയുടെ പിന്തുണ ആവശ്യമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പ്രചാരണത്തിനിറക്കിയത്. ഇതിനെ മറ്റു തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. കേന്ദ്ര നേതൃത്വമാണ് റെഡ്ഢി സഹോദരങ്ങള്‍ക്ക് സീറ്റ് നല്‍കിയത്. ഇതിന് ശേഷം ഇവരോട് അയിത്തം കാണിക്കുന്നത് ശരിയായി തോന്നുന്നില്ല. റെഡ്ഢിക്കെതിരെ അമിത് ഷാ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പ്രചാരണ രംഗത്ത് നിന്ന് റെഡ്ഢിയെ ഒഴിവാക്കാനും പാര്‍ട്ടി തയ്യാറായി.

റെഡ്ഢി സഹോദരന് സീറ്റ് അനുവദിച്ചതിനെക്കുറിച്ച്?

സോമശേഖര റെഡ്ഢിക്ക് സീറ്റ് നല്‍കിയതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍  ഗുരുതരമായ എത്രയോ ആരോപണങ്ങള്‍ നേരിടുന്നവരാണ് കോണ്‍ഗ്രസില്‍ വീണ്ടും മത്സരിക്കുന്നവരില്‍ ഏറെയും.  ഡി വൈ എസ് പി എം കെ ഗണപതി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കെ ജെ ജോര്‍ജ് ആരോപണ വിധേയനല്ലേ? അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നില്ലേ? ലൈംഗികാരോപണ കേസില്‍ എക്‌സൈസ് മന്ത്രി എച്ച് വൈ മേത്തിയും രാജിവെച്ചില്ലേ? സോമശേഖര റെഡ്ഢി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ശബ്ദിക്കുന്ന കോണ്‍ഗ്രസ് ആരോപണ വിധേയരായ മന്ത്രിമാരും എം എല്‍ എമാരും വീണ്ടും മത്സരിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്.

റെഡ്ഢി സഹോദരനോടൊപ്പം മോദി വേദി പങ്കിട്ടത് പാര്‍ട്ടി നിലപാടിന് വിരുദ്ധമല്ലേ?

അങ്ങനെ പറയാന്‍ കഴിയല്ല. ഖനന അഴിമതി കേസില്‍  കുറ്റക്കാരനായ ജനാര്‍ദ്ദന റെഡ്ഢിയുമായി തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനനുസരിച്ച് തന്നെയാണ് സംസ്ഥാന നേതൃത്വവും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മോദി സംസ്ഥാനത്ത് പ്രധാന മണ്ഡലങ്ങളില്‍ പ്രചാരണ റാലികള്‍ നടത്തിവരികയാണ്. റാലികളില്‍ അതാത് മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ സംബന്ധിക്കുന്നത് സ്വാഭാവികമാണ്.

തിരഞ്ഞെടുപ്പില്‍ ബി ജെ പി ഉയര്‍ത്തുന്ന മുദ്രാവാക്യം? 

കര്‍ണാടക തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി ജെ പി ലക്ഷ്യം വെക്കുന്നത്. കോണ്‍ഗ്രസിന്റെ കരങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് ആവശ്യമാണ്. കര്‍ണാടക പ്രധാനമായും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് വികസന മുരടിപ്പാണ്. രാജത്തെ മറ്റു ഐ ടി നഗരങ്ങളെല്ലാം വികസനരംഗത്ത് കുതിച്ചുചാട്ടം നടത്തുമ്പോള്‍ ഇവിടെ കാര്യങ്ങള്‍ നേര്‍ വിപരീതമാണ്. പ്രധാനമന്ത്രിയുടെ കീഴില്‍ നടക്കുന്ന വികസനയാത്രയില്‍ ഏറ്റവും പിന്നാക്കമാണ്  ഇപ്പോള്‍ കര്‍ണാടക. ഈ അവസ്ഥക്ക് കാര്യമായ മാറ്റമുണ്ടാക്കാനായിരിക്കും അധികാരത്തിലെത്തിയാല്‍ ബി ജെ പി തയ്യാറാവുക. കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമമാണ് ബി ജെ പി ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അവര്‍ അനുഭവിച്ച ദുരിതത്തിന് പരിഹാരം കാണാനാണ് ഞങ്ങളുടെ ശ്രമം. നഗരത്തിലെ തടാകങ്ങളുടെ ശുദ്ധീകരണം ഫലപ്രദമാക്കും. 1967ന് ശേഷം ഇവിടെ ജാതി, കുടുംബ, പ്രീണന രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. അത് മാറി പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ളതാവണം തിരഞ്ഞെടുപ്പ്. രാഷ്ട്രീയത്തെ ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് വിദേശ ഏജന്‍സിയെ വാടകക്ക് എടുത്ത് കള്ളപ്രചരണം നടത്തി സമൂഹത്തില്‍ ജാതീയ വേര്‍തിരിവുണ്ടാക്കുകയാണ്.  വികസനത്തിനലധിഷ്ഠിതമായ അജന്‍ഡയുമായാണ് പാര്‍ട്ടി മുന്നോട്ട് പോവുന്നത്.

തൂക്കുസഭ വരികയാണെങ്കില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ജെ ഡി എസിന്റെ സഹായം തേടുമോ?

കര്‍ണാടകയില്‍ തൂക്കുസഭയുടെ പ്രശ്‌നം ഉദിക്കുന്നില്ല. ബി ജെ പി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തും. തൂക്കുമന്ത്രിസഭയുണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും  ഇത്തരം പ്രചാരണമുണ്ടായിരുന്നു. കര്‍ണാടക ഇപ്പോള്‍ നേരിടുന്ന ദുരവസ്ഥക്ക് പരിഹാരം കാണണമെങ്കില്‍ കേവല  ഭൂരിപക്ഷമുള്ള സര്‍ക്കാറുണ്ടാകണം. ഇന്ന് ലോകത്തിനു മുന്നില്‍ ഇന്ത്യ തിളങ്ങാന്‍ കാരണം 30 വര്‍ഷത്തിനുശേഷം കേന്ദ്രത്തില്‍ ഒറ്റക്ക് ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാറുണ്ടായതുകൊണ്ടാണ്.  പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ തുടക്കത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലാണ് ഞങ്ങള്‍. എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. സഖ്യത്തിന്റെ വിഷയം ഉദിക്കുന്നതേയില്ല, ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക തന്നെ ചെയ്യും.

ബി ജെ പി- ജെ ഡി എസ് സഖ്യമുണ്ടെന്ന പ്രചാരണം പ്രബലമാണല്ലോ?

തിരഞ്ഞെടുപ്പില്‍ ഒരിടത്തും ജനതാദള്‍- എസുമായി ഞങ്ങള്‍ ധാരണയുണ്ടാക്കിയിട്ടില്ല. സഖ്യം ഇല്ലാതെ തന്നെ അധികാരത്തിലെത്താന്‍ ആവശ്യമായ സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിക്ക് സാധിക്കും. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. പരാജയ ഭീതിയുള്ളതിനാലാണ് സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. എന്നാല്‍ ചാമുണ്ഡേശ്വരിയിലും ബദാമിയിലും സിദ്ധരാമയ്യ പരാജയപ്പെടും.

ചാമുണ്ഡേശ്വരിയില്‍ ബി ജെ പി ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിന് പിന്നില്‍? 

ജനതാദള്‍- എസിന് ശക്തിയുള്ള മണ്ഡലമാണ് ഇത്. ഇവിടെ ഞങ്ങള്‍ക്ക് കാര്യമായ സ്വാധീനമില്ല. ഇവിടത്തെ പ്രബലരായ വൊക്കലിഗ സമുദായം എന്നും ജെ ഡി എസിനെയാണ് പിന്തുണച്ചിട്ടുള്ളത്. വരുണയില്‍ മത്സരിക്കാന്‍ മകന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റ തീരുമാനം മകനെ ഇത്തവണ മത്സരിപ്പിക്കേണ്ട എന്നായിരുന്നു. തീരുമാനം അനുസരിക്കുക മാത്രമാണുണ്ടായത്.

ബദാമിയില്‍ ബി ജെ പിക്ക് എത്രത്തോളം സാധ്യതയുണ്ട്? 

കഴിഞ്ഞ തവണത്തെ സ്ഥിതിയല്ല ബദാമിയില്‍ ഇപ്പോഴുള്ളത്. കോണ്‍ഗ്രസിനെതിരായ ജനവികാരമാണ് ഇവിടെയുള്ളത്. കോണ്‍ഗ്രസിന്റെ ജനപ്രതിനിധിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷം ഇവിടെ കാര്യമായ യാതൊരു വികസന പദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ കാന്‍ഡിഡേറ്റ് ശ്രീരാമലുവിന് മണ്ഡലത്തില്‍ വര്‍ധിച്ച പിന്തുണയാണ് ലഭിക്കുന്നത്. സിദ്ധരാമയ്യ ഇവിടെയും പരാജയപ്പെടും.
ലിംഗായത്ത് വിഭാഗം പാര്‍ട്ടിയെ തിരസ്‌കരിച്ചല്ലോ?
അങ്ങനെ പറയാന്‍ കഴിയില്ല. ലിംഗായത്തുകള്‍ ബി ജെ പിയോടൊപ്പം തന്നെയാണ്. ഞങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ല. അവരില്‍ ചെറിയൊരു വിഭാഗം പേരാണ് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചിട്ടുള്ളത്. ഹിന്ദുമതത്തെ വിഭജിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം ആപത്താണെന്ന തിരിച്ചറിവിലാണ് പ്രബലരായ വീര ശൈവ ലിംഗായത്ത് വിഭാഗം. ഇവര്‍ ഞങ്ങള്‍ക്കൊപ്പമാണ്. പ്രത്യേക മത പദവി നല്‍കുന്നതിനോട് സമുദായത്തിലെ ഭൂരിഭാഗം പേരും എതിരാണ്. തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് പ്രതിഫലിക്കും.