നീറ്റ് പരീക്ഷക്കെത്തിയവരുടെ മനസ്സ് നിറച്ച് മഅ്ദിന്‍ അക്കാദമി

Posted on: May 6, 2018 10:32 pm | Last updated: May 6, 2018 at 10:32 pm
മലപ്പുറം മഅ്ദിൻ പബ്ലിക് സ്‌കൂളിൽ നീറ്റ് പരീക്ഷക്കെത്തിയവർക്ക് മഅ്ദിൻ അക്കാദമിയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നു

മലപ്പുറം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും മനസ്സ് നിറച്ച് മഅ്ദിന്‍ അക്കാദമി. നീറ്റ് പരീക്ഷാ കേന്ദ്രമായ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കൂടെയെത്തിയ രക്ഷിതാക്കള്‍ക്കും വിവിധങ്ങളായ സൗകര്യങ്ങളാണ് മഅ്ദിന്‍ കാമ്പസില്‍ ഒരുക്കിയത്.

വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന വേളയില്‍ രക്ഷിതാക്കള്‍ക്കായി കുട്ടികളുടെ തുടര്‍ പഠനാവസരങ്ങളും വിദ്യാഭ്യാസ ഭാവിയും ചര്‍ച്ച ചെയ്യുന്ന പാരന്റിംഗ് ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത െ്രെടനറും മഅ്ദിന്‍ അക്കാദമിക് ഡയറക്ടറുമായ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ഉന്നത പഠനത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെ ആകുലതകളകറ്റുന്നതിനും കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തുടര്‍ പഠന മേഖലകള്‍ തിരഞ്ഞെടുക്കുന്നതിന് പ്രാപ്തമാക്കുന്നതുമായിരുന്നു ക്ലാസ്സ്. രക്ഷിതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കിയിരുന്നു.
കുട്ടികളുടെ പരീക്ഷ കഴിയും വരെ വെറുതെ തള്ളി നീക്കേണ്ട സമയത്ത് ഉപകാരപ്രദമായ ക്ലാസ്സ് ലഭിച്ചതിന്റെ സംതൃപ്തിയിലായിരുന്നു രക്ഷിതാക്കള്‍. കഠിനമായ ചൂടില്‍ ആശ്വാസം പകരുന്നതിനായി മഅ്ദിന്‍ കാമ്പസില്‍ പലയിടങ്ങളിലായി കുടിവെള്ള കിയോസ്‌കുകളും പ്രാഥമിക കൃത്യങ്ങള്‍ക്കായി ടോയ്‌ലെറ്റ് സംവിധാനങ്ങളും ഒരുക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിയുന്നത് കാത്ത് പരീക്ഷാ ഹാളിനു പുറത്ത് നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാന്‍ മഅ്ദിന്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

കേന്ദ്രത്തിലെത്തിയവര്‍ക്ക് ചായയും പലഹാരങ്ങളും ഭക്ഷണപൊതികളും വിതരണം ചെയ്തത് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അനുഗ്രഹമായി. മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ മഅ്ദിന്‍ അക്കാദമിയുമായി സഹകരിച്ച് മഅ്ദിന്‍ കാമ്പസില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക കിഴിവും നല്‍കിയിരുന്നു