Connect with us

Kerala

എ ആര്‍ നഗറില്‍ ഗ്രൂപ്പിസം: ലീഗ് യോഗത്തില്‍ സംഘര്‍ഷം

Published

|

Last Updated

വേങ്ങര: എ ആര്‍ നഗര്‍ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് ഗ്രൂപ്പിസത്തെ തുടര്‍ന്ന് ലീഗ് യോഗത്തില്‍ സംഘര്‍ഷം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി നടക്കാതിരുന്ന പഞ്ചായത്ത് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി ശനിയാഴ്ച രാവിലെ വേങ്ങര ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കഴിഞ്ഞ ലോക്‌സഭ, നിയമസഭ ഉപതിരഞ്ഞെടുപ്പുവേളയില്‍ പാണക്കാടു നിന്നും നിശ്ചയിച്ച കമ്മിറ്റിയാണ് പഞ്ചായത്ത് ലീഗിനെ നിയന്ത്രിച്ചിരുന്നത്. ജില്ലാ പഞ്ചായത്തംഗം സലീം കുരുവമ്പലത്തിന്റെ നേതൃത്വത്തിലായിരുന്നു സമിതി. എന്നാല്‍ ഈ കമ്മിറ്റിക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ രാജിവെച്ചൊഴിഞ്ഞിരുന്നു.
മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ടി കെ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ നയിക്കുന്ന ഗ്രൂപ്പും അദ്ദേഹത്തോട് വിയോജിപ്പുള്ള വിഭാഗവും തമ്മില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടലിലാണ്. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് വേങ്ങര ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലും പരസ്യമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു.
ഔദ്യോഗിക വിഭാഗത്തിനെതിരായി വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് നേതൃത്വത്തിനെതിരെ ശക്തമായ ഗ്രൂപ്പ് പ്രചരണം നടത്തി വരികയായിരുന്നു. പാണക്കാടുനിന്നുള്ള നിര്‍ദേശപ്രകാര മാണ് ശനിയാഴ്ച വേങ്ങരയില്‍ യോഗം ചേര്‍ന്നത്.

ഒരു വിഭാഗം മറുവിഭാഗത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഏറെ നേരം ഓഫീസില്‍ ഉച്ചത്തില്‍ ബഹളവും തെറി വിളികളും ഉയര്‍ന്നു. നേതാക്കള്‍ ഇടപെട്ട് അവസാനം വോട്ടിനിട്ട് തിരഞ്ഞെടുപ്പ് നടത്തി. വോട്ടിംഗില്‍ ഔദ്യോഗിക വിഭാഗത്തിന് കൂടുതല്‍ ആളുകളെ ലഭിച്ചതോടെ മറു വിഭാഗം യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.