11 കൊടും ഭീകരരുടെ വധശിക്ഷ പാക്ക് സൈനിക തലവന്‍ സ്ഥിരീകരിച്ചു

Posted on: May 5, 2018 9:50 pm | Last updated: May 6, 2018 at 9:42 am

ഇസ്്ലാമാബാദ്: നിരവധി കൊലപാതകങ്ങള്‍ നടത്തിയ കൊടുംഭീകരരായ പതിനൊന്ന് പേരുടെ വധശിക്ഷ പാക്കിസ്ഥാന്‍ സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ്‌വ സ്ഥിരീകരിച്ചു.ഇന്റര്‍ സര്‍വീസ് പബ്ലിക്ക് റിലേഷന്‍സാണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്. ശിക്ഷിക്കപ്പെട്ട പതിനൊന്ന് പേര്‍ സാധാരണക്കാരേയും സൈനികരേയുമായി 60പേരെ കൊലപ്പെടുത്തിയെന്ന് പ്രത്യേക സൈനിക കോടതി കണ്ടെത്തി. ഇതിന് പുറമെ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്.

36 സിവിലിയന്‍മാരേയും 24 സുരക്ഷാസേന അംഗങ്ങളേയും കൊലപ്പെടുത്തിയ ഇവര്‍ 142 ഓളം പേര്‍ക്ക് പരുക്കേല്‍പ്പിച്ചിട്ടുമുണ്ട്്. നിരോധിത സംഘടനകളില്‍പ്പെട്ട 14പേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. സൈനിക കോടതിയില്‍ രഹസ്യമായാണ്് വിചാരണനടന്നതെങ്കിലും ഇവര്‍ക്ക് അഭിഭാഷകരെ നിയോഗിക്കാന്‍ അനുവദിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടവരില്‍നിന്നും നേരത്തെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.