സഹകരണ സംഘത്തിന്റെ പേരില്‍ 1.15 കോടിയുടെ തട്ടിപ്പ്

Posted on: May 5, 2018 6:12 am | Last updated: May 4, 2018 at 11:49 pm

തിരുവനന്തപുരം: സഹകരണ സംഘത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. വ്യാജരേഖ ചമച്ച് കൈത്തറി സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് 1.25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറി പി എ ഇസ്ഹാഖ് അടക്കം 10 പേര്‍ക്കെതിരെയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രം ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി ഡി അജിത് കുമാര്‍ ഈ മാസം 25ന് പ്രതികള്‍ ഹാജരാകാനായി ഉത്തരവിട്ടു.
വ്യവസായ (സി) വകുപ്പ് സെക്രട്ടറി പി എ ഇസ്ഹാഖ്, ബാലരാമപുരത്ത് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം താലൂക്ക് ഇന്റഗ്രേറ്റഡ് സില്‍ക്ക് കൈത്തറി നെയ്ത്ത് സഹകരണ സംഘം സെക്രട്ടറി മാജിദ, പ്രസിഡന്റ് പാറക്കുഴി സുരേന്ദ്രന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഗോപാല പണിക്കര്‍, വിജയകുമാരി, സുരേഷ്, ശിവരാജന്‍, മണിയന്‍ നാടാര്‍, ബിജിത് കുമാര്‍, ചീഫ് പ്രൊമോട്ടര്‍ മോഹനന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. വിജിലന്‍സ് ഡി വൈ എസ് പിമാരായ വര്‍ഗീസ്, നന്ദനന്‍ പിള്ള, കൃഷ്ണ കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. 163 രേഖകള്‍ക്കൊപ്പം 152 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും കോടതിയില്‍ ഹാജരാക്കി.

2009- 10 കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികള്‍ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് സംഘം രജിസ്റ്റര്‍ ചെയ്തശേഷം സില്‍ക്ക് കൈത്തറി വ്യവസായ വികസനത്തിന് ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ നിന്ന് രണ്ട് കോടി രൂപ മാര്‍ജിന്‍ തുകയായി നേടിയെടുക്കുകയായിരുന്നു. സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനായി വ്യാജ വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ച് പ്രൊജക്ട് റിപ്പോര്‍ട്ടും വ്യാജ പേരും വിലാസങ്ങളും രേഖപ്പെടുത്തിയ അംഗത്വ രജിസ്റ്ററും ഹാജരാക്കിയതായി കുറ്റപത്രത്തില്‍ പറയുന്നു.

വ്യവസായ സെക്രട്ടറി പൊതുതാത്പര്യത്തിന്റെ പേരില്‍ 1,75,20,000 രൂപ മാര്‍ജിന്‍ തുക നല്‍കാന്‍ അഴിമതി മാര്‍ഗത്തിലൂടെ അനുകൂല ഉത്തരവ് നല്‍കി. സംഘത്തിന് 11,22,754 രൂപയുടെ സഹായത്തിനേ അര്‍ഹതയുള്ളുവെന്ന ഹാന്‍ഡ്‌ലൂം ഡയറക്ടറുടെയും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുടെയും യോഗ്യതാ ശിപാര്‍ശക്കത്ത് അവഗണിച്ചായിരുന്നു ഈ ഉത്തരവിറക്കിയത്. തുക മുഴുവന്‍ സഹകരണ സംഘത്തിലെ ഒമ്പത് പ്രതികള്‍ കൈപ്പറ്റിയശേഷം ഇസ്ഹാഖിന്റെ അറിവോടെ അസംസ്‌കൃത വസ്തുക്കള്‍ വിവിധ സ്ഥാപനങ്ങള്‍ നിന്നും വാങ്ങിയതായും അതിലേക്ക് പണം നല്‍കിയതായും വ്യാജരേഖകള്‍ ഉണ്ടാക്കുകയായിരുന്നു. ഇതിലേക്കായി ഇന്‍വോയ്‌സ് രജിസ്റ്റര്‍, മിനുട്‌സ്ബുക്ക്, നൂല്‍ അഡ്വാന്‍സ് രജിസ്റ്റര്‍, ഡേ ബുക്ക് തുടങ്ങിയവയില്‍ വ്യാജരേഖപ്പെടുത്തലുകള്‍ വരുത്തി. ഇപ്രകാരം എന്‍ സി ഡി സിയില്‍നിന്ന് ലഭിച്ച രണ്ട് കോടി രൂപയില്‍ നിന്ന് 1,15,45,612 രൂപ പ്രതികള്‍ അപഹരിച്ചെടുത്ത് സര്‍ക്കാറിന് അന്യായ നഷ്ടം വരുത്തിയെന്നാണ് കേസ്.