Connect with us

Kerala

പൈതൃകപ്പൊലിമയുടെ മണ്ണിലേക്ക് ഉമറാക്കള്‍ ഇന്ന് പുതിയ ചുവടുവെക്കാനെത്തും

Published

|

Last Updated

കോഴിക്കോട്: മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ പുതുയുഗപ്പിറവിയാണിന്ന്. പൈതൃകപ്പൊലിമയുടെ മണ്ണിലേക്ക് സമുദായത്തിലെ ഉമറാക്കള്‍ ഇന്ന് പുതിയ ചുവട്‌വെക്കാനെത്തും. മുസ്‌ലിം മുന്നേറ്റ ചരിത്രത്തില്‍ ഇങ്ങിനെയൊരു സമ്മേളനം ഇതാദ്യം. കേരള മുസ്‌ലിം ജമാഅത്താണ് ഇതിന് വേദിയൊരുക്കുന്നത്. കേരള ഉമറാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ വിവിധ മഹല്ലുകളെ പ്രതിനിധാനം ചെയ്‌തെത്തുന്നവരെ സ്വീകരിക്കാന്‍ സ്വപ്‌ന നഗരിയിലെ വിശാലമായ വേദി ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ സമ്മേളനത്തിന് ഔപചാരിക തുടക്കമായെങ്കിലും ഇന്നാണ് പ്രതിനിധി സമ്മേളനം.

പൊതുസമൂഹമാകെയും മുസ്‌ലിം സമുദായം പ്രത്യേകിച്ചും അഭിമൂഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരം തേടിയാണ് ഇന്നൊരു പകല്‍ കേരളത്തിലെ ഉമറാക്കള്‍ ഒത്തുചേരുന്നത്. പരിദേവനങ്ങളല്ല പരിഹാരങ്ങളാണ് സമുദായഭാവിക്ക് കരണീയമെന്ന സുചിന്തിതമായ കാഴ്ചപ്പാട് മുന്നോട്ടുവെക്കും. നാടിന്റെ നന്മക്കായി നാളെകളില്‍ ചെയ്യേണ്ട പ്രവര്‍ത്തന പദ്ധതികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

തൃശൂരില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഉലമാ സമ്മേളനത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ഉമറാസമ്മേളനം. പണ്ഡിത നേതൃത്വത്തോടൊപ്പം പ്രബോധന വഴികളില്‍ ഉമറാക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് സമ്മേളന ലക്ഷ്യം.

ആദ്യദിവസമായ ഇന്നലെ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് ആയിരുന്നു പ്രധാന സെഷന്‍. ആദ്യം മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന കൗണ്‍സിലും പിന്നീട് മുഴുവന്‍ സംഘടനകളുടെയും സംയുക്ത കൗണ്‍സിലും നടന്നു. നവലോകത്തെ പുതുചുവടുകള്‍ക്ക് ഇന്ധനം പകരുന്നതായിരുന്നു ലീഡേഴ്‌സ് കോണ്‍ഫറന്‍സ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു.

ഇന്ന് രാവിലെ എട്ടര മണി മുതല്‍ പ്രതിനിധികള്‍ക്ക് പ്രവേശനം നല്‍കും. പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇവരുടെ പ്രീ സിറ്റിംഗ് ക്യാമ്പുകളും നേരത്തെ നടന്നു. 7500 പേരാണ് വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പ്രതിനിധികളായി പങ്കെടുക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐ സി എഫ് പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

രാവിലെ ഒമ്പതര മണിക്ക് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും. ജസ്റ്റിസ് സി കെ എ റഹീം മുഖ്യാതിഥിയായിരിക്കും. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വര്‍ത്തമാനം, ഉമറാഇന്റെ കര്‍മപഥം വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവരാണ് വിഷയാവതരണം നടത്തുക.

ഉച്ചക്ക് ശേഷം കള്‍ച്ചറല്‍ കോണ്‍ഫറന്‍സ് സമസ്ത അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ജീവിതം, വിശ്വാസിയുടെ സാമ്പത്തിക വ്യവഹാരം, ജീവിതവിശുദ്ധി എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സംസാരിക്കും.

വൈകുന്നേരം അഞ്ചരക്ക് നടക്കുന്ന സമാപന സെഷനില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ളിയാഉല്‍ മുസ്തഫ, സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ കൂറ നേതൃത്വം നല്‍കും.

Latest