Connect with us

National

പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്

Published

|

Last Updated

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കനത്ത കാറ്റിലും മഴയിലും കടപുഴകിയ മരം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നാട്ടുകാരുടെ ശ്രമം

തിരുവനന്തപുരം/ ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റും ഇടിമിന്നലും കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. അടുത്ത 72 മണിക്കൂര്‍ ജാഗ്രത പാലിക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് ശക്തമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ പൊടിക്കാറ്റിനും കനത്ത കാറ്റിനും മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. പശ്ചിമ ബംഗാള്‍, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേരളത്തോടോപ്പം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്.

കേരളം, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, അസം, മേഘാലയ എന്നിവിടങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നുണ്ട്. ഉത്തരേന്ത്യയില്‍ പൊടിക്കാറ്റും ഇടിമിന്നലും കൂടുതല്‍ ശക്തമാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വകുപ്പ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിറ്റി വിവരം കൈമാറിയത്.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും കനത്ത മഴയിലും ഇടിമിന്നലിലുമായി 124 പേര്‍ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊടിക്കാറ്റ് കാര്യമായി നാശനഷ്ടമുണ്ടാക്കിയ ഉത്തര്‍പ്രദേശില്‍ 73 പേരും രാജസ്ഥാനില്‍ 35 പേരുമാണ് മരിച്ചത്. തെലങ്കാനയില്‍ എട്ട് പേരും ഉത്തരാഖണ്ഡില്‍ ആറ് പേരും പഞ്ചാബില്‍ രണ്ട് പേരും മരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാര്‍ഷിക വിളകള്‍ നശിക്കുന്നതിനും മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനം തകരാറിലാകുന്നതിനും പൊടിക്കാറ്റ് കാരണമായി. പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു.

Latest