സാമ്പത്തിക തട്ടിപ്പ്: പി ശശിയുടെ സഹോദരനെതിരെ കേസെടുത്തു

Posted on: May 4, 2018 4:20 pm | Last updated: May 4, 2018 at 5:56 pm

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ശശിയുടെ സഹോദരന്‍ പി സതീശനെതിരെ പോലീസ് വഞ്ചനാകുറ്റം ചുമത്തി കേസെടുത്തു .പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമനം വാങ്ങിത്തരാമെന്ന് പറഞ്ഞ് കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ സ്ത്രീയില്‍നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ് .

മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും പേര് പറഞ്ഞാണ് പണം വാങ്ങിയതെന്ന് പരാതിക്കാരി പറയുന്നു. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞ് പല തവണയായാണ് പണം വാങ്ങിയതെന്നും വിശ്വാസ്യതക്കായി രണ്ട് ലക്ഷത്തിന്റെ ചെക്ക് നല്‍കിയെന്നും പരാതിയിലുണ്ട്. ഇതിനു പുറമെ ബന്ധുക്കളായ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയായ യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നും പരാതിക്കാരി പറയുന്നു. സതീശനെതിരെ നിരവധി പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. നിരവധി ജില്ലകളില്‍ ഇയാള്‍ സമാനമായ തട്ടിപ്പ് നടത്തിയതായി വിവരമുണ്ട്.രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ പരാതികള്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.