Connect with us

Sports

ഓസീസിന്റെ പേരുദോഷം മാറ്റാന്‍ ലാംഗര്‍

Published

|

Last Updated

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിനെ മൂന്ന് ഫോര്‍മാറ്റിലും പരിശീലിപ്പിക്കാന്‍ പുതിയ കോച്ചെത്തി. മുന്‍ ഓപണിംഗ് ബാറ്റ്‌സ്മാന്‍ ജസ്റ്റിന്‍ ലാംഗര്‍. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ ഡാരന്‍ ലേമാന്റെ പകരക്കാരനായാണ് ലാംഗറെത്തുന്നത്.

ദേശീയ ടീമുമായി നാലു വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. ഓസീസിന്റെ മുന്‍ ഓപ്പണറായിരുന്ന ജസ്റ്റിന്‍ ലാംഗര്‍ 2007ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. സ്റ്റീവ് വോയുടെ സുവര്‍ണ നിരയില്‍ അംഗമായിരുന്നു ജസ്റ്റിന്‍ ലാംഗര്‍. തുടരെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി വിസ്മയിപ്പിച്ച ലാംഗര്‍ ഓസീസ് ക്രിക്കറ്റ് നിരയുടെ നട്ടെല്ലായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ക്കിടെയുണ്ടായ പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ലേമാന് പങ്കില്ലെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

അദ്ദേഹത്തോടെ പരിശീലകസ്ഥാനത്തു തുടരാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനു ശേഷം ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയുമെന്നു ലേമാന്‍ പ്രഖ്യാപിക്കുകയായിരുന്നു.
2013ലായിരുന്നു ലേമാന്‍ ഓസീസ് ടീമിന്റെ മുഖ്യ കോച്ചായി നിയമിതനായത്. 2019ല്‍ ഇംഗ്ലണ്ടിനെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയ്ക്കു ശേഷം സ്ഥാനമൊഴിയുമെന്നായിരുന്നു അദ്ദേഹം പിന്നീട് പറഞ്ഞത്.

എന്നാല്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റിനു തീരാ കളങ്കമായി മാറിയ പന്ത് ചുരണ്ടല്‍ വിവാദം ലെമാനെ അങ്ങേയറ്റം നിരാശനാക്കി.
പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ ആറു മാസത്തേക്കും ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നു.

Latest