National
ചാരക്കേസ്: നമ്പി നാരായണനെ കുടുക്കിയത് ആരെന്ന് അന്വേഷിക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നമ്പി നാരായണനെ അന്യായമായി ജയിലില്‍ അടച്ചതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി. തനിക്കെതിരെ കള്ളക്കേസ് എടുത്ത് അന്യായമായി ജയിലില്‍ അടച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, അന്യായമായി ജയില്‍ അടക്കുകയും പീഡനം ഏറ്റവാങ്ങുകയും ചെയ്ത നമ്പി നാരായണന് ഇതുവരെ 11 ലക്ഷം നഷ്ടപരിഹാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചു. എന്നാല്‍, ഈ തുക 25 ലക്ഷം വരെയാക്കി ഉയര്‍ത്താന്‍ ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി അറിയിച്ചു. എന്നാല്‍, ഈ നിര്‍ദേശം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിരസിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരത്തിനാണ് താന്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളതെന്നും ഇതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരായ നമ്പി നാരായണനെ കോടതി നേരിട്ട് കേട്ടു. കള്ളക്കേസ് എടുത്ത് തന്നെ ജയിലിലടച്ച കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും നഷ്ടപരിഹാരം ഉയര്‍ത്തലല്ല തന്റെ ആവശ്യമെന്നും അദ്ദേഹം കോടതിയൊട് നേരിട്ട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് പണം ഈടാക്കി ത്തരാമെന്നും കുറ്റക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം പരിഗണിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. നമ്പി നാരായണന്റെ ഹരജിയില്‍ ചൊവ്വാഴ്ച വാദം തുടരും.