Connect with us

National

ബി ജെ പിയില്‍ 'റെഡ്ഢി ഭിന്നത' രൂക്ഷം

Published

|

Last Updated

ബെംഗളൂരു: അനധികൃത ഖനന കേസില്‍ 50,000 കോടി രൂപയുടെ അഴിമതി ആരോപണം നേരിടുന്ന ജനാര്‍ദന റെഡ്ഢിയുടെ സഹോദരനും കൈക്കൂലി കേസിലെ പ്രതിയുമായ സോമശേഖരറെഡ്ഢിയോടൊപ്പം ബല്ലാരിയില്‍ വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനധികൃത ഖനനവുമായി ബന്ധമുള്ളവരെ സ്ഥാനാര്‍ഥിയാക്കിയെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബല്ലാരിയിലെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പങ്കെടുക്കില്ലെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍, സ്വന്തം പാര്‍ട്ടിക്കകത്ത് നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച് റെഡ്ഢിയോടൊപ്പം മോദി ബല്ലാരിയിലെ വേദി പങ്കിടുകയായിരുന്നു. ബല്ലാരി സിറ്റി മണ്ഡലത്തില്‍ നിന്നാണ് സോമശേഖര റെഡ്ഢി ജനവിധി തേടുന്നത്. ഇദ്ദേഹത്തിനൊപ്പം വേദി പങ്കിട്ട മോദിയുടെ നിലപാട് കോണ്‍ഗ്രസ് ശക്തമായ പ്രചാരണ ആയുധമാക്കിക്കഴിഞ്ഞു. ജനാര്‍ദ്ദന റെഡ്ഢിക്ക് ജാമ്യം കിട്ടാന്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സോമശേഖര റെഡ്ഢി. ഈ കേസില്‍ ഇദ്ദേഹം ഇപ്പോള്‍ ജാമ്യത്തിലാണ്.

റെഡ്ഢി സഹോദരന്മാരുടെ അടുത്ത സുഹൃത്തായ ബെല്ലാരി എം പി ശ്രീരാമലുവാണ് നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി സോമശേഖര റെഡ്ഢിക്ക് സീറ്റ് ഉറപ്പാക്കിയത്. ബല്ലാരി സിറ്റി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം എല്‍ എ അനില്‍ ലാഡിനെതിരെയാണ് റെഡ്ഢി മത്സരിക്കുന്നത്. റെഡ്ഢി സഹോദരന്മാരുമായും അവരുടെ അനുയായികളുമായും വേദി പങ്കിടുന്നത് ഇല്ലാതാക്കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ബല്ലാരി റാലി ഒഴിവാക്കിയിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ വക വെക്കാതെയാണ് മോദി സോമശേഖര റെഡ്ഢിയോടൊപ്പം റാലിയില്‍ സംബന്ധിച്ചത്. ജനാര്‍ദ്ദന റെഡ്ഢിയുമായി ബി ജെ പിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമിത് ഷാ പ്രചാരണ യോഗങ്ങളില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രദുര്‍ഗ ജില്ലയിലെ പൊതുയോഗത്തില്‍ ബി എസ് യെദ്യൂരപ്പക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമൊപ്പം ജനാര്‍ദന റെഡ്ഢി വേദിയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റെഡ്ഢി സഹോദരനുമായി നരേന്ദ്ര മോദി വേദി പങ്കിട്ടത്. സോമശേഖര റെഡ്ഢിയുടെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദിയെ മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിലൂടെ പരിഹസിച്ചു. റെഡ്ഢി സഹോദരന്മാര്‍ക്ക് സീറ്റ് നല്‍കിയതും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനാര്‍ദന റെഡ്ഢിയെ ഒപ്പം കൂട്ടിയതുമെല്ലാം ബി ജെ പിയില്‍ ചേരിപ്പോര് രൂക്ഷമാക്കിയിരിക്കുകയാണ്. റെഡ്ഢിയുടെ പിന്തുണ വേണ്ടെന്ന് കേന്ദ്ര നേതാക്കള്‍ പറയുമ്പോള്‍ പിന്തുണ വേണമെന്ന നിലപാടിലാണ് സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ. ചിത്രദുര്‍ഗയിലെ റാലിക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ജനാര്‍ദന റെഡ്ഢിയോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റെഡ്ഢിയെ തള്ളിപ്പറയാന്‍ യെദ്യൂരപ്പ തയ്യാറായില്ല. തിരഞ്ഞെടുപ്പില്‍ ജനാര്‍ദന റെഡ്ഢിയുടെ സഹോദരങ്ങളും അനുയായികളുമായി എട്ട് പേരാണ് മത്സരിക്കുന്നത്. ഇവര്‍ക്ക് സീറ്റ് നല്‍കിയത് കേന്ദ്ര നേതൃത്വമാണ്. ഇതിന് ശേഷം റെഡ്ഢി സഹോദരങ്ങളോട് അയിത്തം കാണിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് യെദ്യൂരപ്പ.

ഖനി അഴിമതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനാര്‍ദന റെഡ്ഢി മത്സരിക്കേണ്ടെന്ന് മാത്രമാണ് അമിത് ഷാ നിര്‍ദേശിച്ചതെന്നും ഇദ്ദേഹത്തിന്റെ സഹോദരന്മാരായ കരുണാകര്‍ റെഡ്ഢിക്കും സോമശേഖര്‍ റെഡ്ഢിക്കും സീറ്റ് നല്‍കുന്നതില്‍ അമിത് ഷാക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും യെദ്യൂരപ്പ പറയുന്നു. ജനാര്‍ദന റെഡ്ഢി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും ബല്ലാരിയിലും മറ്റു 15 ജില്ലകളിലും പാര്‍ട്ടിയെ ജയിപ്പിക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് യെദ്യൂരപ്പയുടെ നിലപാട്. ബെല്ലാരിയിലെ ശക്തികേന്ദ്രങ്ങളായ റെഡ്ഢിമാരില്‍ നിന്ന് സഹായം നേടുന്നതിനോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും 150 സീറ്റുകളില്‍ ജയിച്ചുകയറുക എന്നതാണ് ലക്ഷ്യമെന്നും യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍ യെദ്യൂരപ്പയെ തള്ളി പാര്‍ട്ടിയുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍റാവു രംഗത്തെത്തി. ബി ജെ പിക്ക് ജനാര്‍ദന റെഡ്ഢിയുമായി ബന്ധമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് ശ്രീരാമലുവിന് വേണ്ടി റെഡ്ഢി പ്രചാരണത്തിനിറങ്ങിയതെന്നും റാവു പറഞ്ഞു.

Latest