പ്രചാരണം കടുത്തു; വിധിയെഴുത്തിന് ഒമ്പത് നാള്‍

Posted on: May 4, 2018 6:14 am | Last updated: May 3, 2018 at 11:40 pm
മോദി കല്‍ബുര്‍ഗിയിലെ റാലിയില്‍
സംസാരിക്കുന്നു

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണം മൂര്‍ധന്യത്തില്‍. രാജ്യം ആകാംക്ഷയോടെ നോക്കിക്കാണുന്ന വിധിയെഴുത്തിന് ഇനി ഒമ്പത് ദിവസം മാത്രം. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും ശക്തമായ പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികള്‍. ബി ജെ പി 224 മണ്ഡലങ്ങളിലും മത്സരിക്കുമ്പോള്‍ 222 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഉത്തര കര്‍ണാടകയിലെ ജില്ലകളെല്ലാം ഇത്തവണയും തങ്ങള്‍ക്ക് ഒപ്പമാണെന്നും ഇതിലൂടെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന സി- ഫോര്‍ സര്‍വേ ഫലവും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ പ്രതീക്ഷ ഇരട്ടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ ഫലം.

മുംബൈ- കര്‍ണാടക മേഖലയിലെ ബീദറില്‍ രാഹുല്‍ ഗാന്ധി തന്റെ എട്ടാം ഘട്ട പ്രചാരണത്തിന് ഇന്നലെ തുടക്കം കുറിച്ചു. ഔറാദിലായിരുന്നു ആദ്യ യോഗം. വൈകീട്ട് ബല്‍കിയിലെ ഭീമണ്ണ ഖന്ദ്രേ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഗ്രൗണ്ടിലും ഹംനാബാദിലും യോഗങ്ങളില്‍ പങ്കെടുത്തു. ഇന്ന് കല്‍ബുര്‍ഗി, ഗദഗ്, ഹാവേരി ജില്ലകളിലാണ് പര്യടനം. വൈകീട്ട് ഡല്‍ഹിക്ക് തിരിക്കുന്ന രാഹുല്‍ ദ്വിദിന പര്യടനത്തിനായി ഏഴിന് വീണ്ടും സംസ്ഥാനത്തെത്തും.

ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നും അവരുമായി സംവദിച്ചും രാഹുല്‍ പ്രചാരണം നടത്തുമ്പോള്‍ ജനങ്ങളില്‍ നിന്ന് അകലം പാലിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രചാരണം. മെയ് എട്ട് വരെ വിവിധ ജില്ലകളിലായി 15 റാലികളിലാണ് നരേന്ദ്ര മോദി പങ്കെടുക്കുന്നത്. ജനാര്‍ദന റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡി മത്സരിക്കുന്ന ബല്ലാരിയിലും ബെംഗളൂരു, കല്‍ബുര്‍ഗി എന്നിവിടങ്ങളിലെ റാലിയിലും മോദി പങ്കെടുത്തു. മെയ് അഞ്ചിന് തുമകൂരു, ശിവമോഗ, ഹുബ്ബള്ളി എന്നിവിടങ്ങളിലും മെയ് ഏഴിന് റായ്ച്ചൂര്‍, ചിത്രദുര്‍ഗ, മെയ് എട്ടിന് വിജയപുര, മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലും ബി ജെ പി റാലികളില്‍ മോദി സംസാരിക്കും.