ഈജിപ്തില്‍ തടവില്‍ കഴിയുന്ന ഫോട്ടോ ജേണലിസ്റ്റിന് വേള്‍ഡ് ഫ്രീഡം പ്രസ്സ് അവാര്‍ഡ്

Posted on: May 4, 2018 6:06 am | Last updated: May 3, 2018 at 10:15 pm

യു എന്‍: ഈജിപ്തില്‍ തടവില്‍ കഴിയുന്ന ഫോട്ടോ ജേണലിസ്റ്റ് മഹ്മൂദ് അബൂ സായിദിന് യുനെസ്‌കോയുടെ വേള്‍ഡ് പ്രസ് ഫ്രീഡം അവാര്‍ഡ്. അബ്ദുല്‍ഫത്താഹ് അല്‍സീസിയുടെ നേതൃത്വത്തിലുള്ള ഈജിപ്ത് സര്‍ക്കാറിന്റെ വിമര്‍ശങ്ങള്‍ക്കിടെയാണ് അവാര്‍ഡ് ഇദ്ദേഹത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. 2013 ആഗസ്റ്റ് മുതല്‍ മഹ് മൂദ് അബൂസായിദ് ജയിലില്‍ കഴിയുകയാണ്.

മഹ്മൂദ് പ്രദര്‍ശിപ്പിച്ച ധീരതക്കും പോരാട്ടവീര്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ക്കുമാണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് യുനെസ്‌കോ അറിയിച്ചു. പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം അറസ്റ്റിലായത്. നിലവില്‍ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ വധശിക്ഷയാണ് ചുമത്തിയിരിക്കുന്നത്.