Connect with us

Articles

വര്‍ഷക്കാലത്തെ വരവേല്‍ക്കാം

Published

|

Last Updated

ജൂണ്‍ പിറക്കുന്നതോടെ കേരളത്തില്‍ മഴക്കാലം ആരംഭിക്കുകയായി. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ അതുല്യമായ ഒന്നാണ് ജലവിഭവം. അത് ചൊരിച്ചു തരുമ്പോള്‍ ഏറ്റുവാങ്ങാന്‍ നല്ല മുന്നൊരുക്കത്തോടെ നാം തയ്യാറായി നില്‍ക്കണം. രണ്ട് കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഒരു തുള്ളിയും പാഴാക്കാതെ സംഭരിക്കാന്‍ ശ്രദ്ധിക്കണം. പെയ്തിറങ്ങുന്ന ശുദ്ധജലം മലിനമാകാതെ നോക്കുക എന്നതാണ് രണ്ടാമത്തേത്.

ജലം നഷ്ടപ്പെടാതിരിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. പറമ്പ് കൊത്തിക്കിളച്ച് വരമ്പുകള്‍ മാടിവെക്കുക, വെള്ളം ഭൂമിയില്‍ ഇറങ്ങുന്നതിനെ തടയുന്ന പ്ലാസ്റ്റിക് കവറുകള്‍ പോലെയുള്ളത് ഏടുത്തു മാറ്റുക. മഴക്കുഴികള്‍ നിര്‍മിച്ച് വീടിന് മുകളില്‍ നിന്നും മറ്റും ഒലിച്ചിറങ്ങുന്ന ജലം അതില്‍ സംഭരിച്ച് ഭൂമിയില്‍ താഴാന്‍ അനുവദിക്കുക തുടങ്ങിയവ എളുപ്പം ചെയ്യാവുന്ന കാര്യങ്ങളാണ്.

ഭൂമി തരിശാക്കിയിടാതെ മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതാണ് സ്ഥായിയായ പരിഹാരം. പറമ്പില്‍ മരങ്ങളുണ്ടായാല്‍ അതില്‍ തട്ടി ചെറിയ തുള്ളികളായി അല്‍പ്പാല്‍പ്പമായി ഭൂമിയിലേക്കിറങ്ങുമ്പോള്‍ അത് മണ്ണില്‍ കിനിഞ്ഞിറങ്ങുന്നു. തരിശു ഭൂമിയില്‍ പെയ്യുന്ന മഴയുടെ വെറും ഏഴ് ശതമാനം മാത്രം ഭൂമിയില്‍ ഇറങ്ങുമ്പോള്‍ മരങ്ങളും കാടുകളും ഉള്ള സ്ഥലത്ത് 67 ശതമാനവും ഭൂമിയില്‍ താഴുന്നു. വരാന്‍ സാധ്യതയുള്ള കടുത്ത വേനലിനെ പ്രതിരോധിക്കാനും ജലക്ഷാമത്തെ നേരിടാനും തന്നാലാവുന്നത് ചെയ്യാന്‍ എല്ലാവരും തയ്യാറായില്ലെങ്കില്‍ നാളെ കുടിനീരിനായി നാം യുദ്ധം ചെയ്യേണ്ടിവരും.

ഇത്രയൊക്കെ ആയിട്ടും നാം മലയാളികള്‍ പഠിക്കുന്നില്ല. പത്ത് സെന്റ് ഭൂമിയുള്ളയാള്‍ അതില്‍ ഏഴ് സെന്റില്‍ പുര നിര്‍മിക്കുന്നു. ബാക്കി മൂന്ന് സെന്റ് മുറ്റമാണ്. ഇവിടെ കട്ട വിരിക്കുകയും പോരാത്തതിന് മേലെ ഷീറ്റ് ഇട്ട് പന്തല്‍ നിര്‍മിക്കുകയും ചെയ്യുന്നു. ഒരു തുള്ളി വെള്ളവും തന്റെ പറമ്പില്‍ താഴാന്‍ അവസരം കൊടുക്കാതെ തന്നെ കിണറില്‍ വെള്ളമില്ലെന്ന് പറഞ്ഞ് വിലപിക്കുന്നു. കഷ്ടം.

വര്‍ഷകാലം വരുന്നതിന് മുമ്പ് നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനം വളരെ പ്രധാനപ്പെട്ടതാണ്. നാം ശുദ്ധ ജലത്തിനായി ആശ്രയിക്കുന്ന കിണറുകളും കുളങ്ങളും തോടുകളുമെല്ലാം മാലിന്യമുക്തമാക്കി വൃത്തിയാക്കുന്നതോടൊപ്പം അതിന്റെ പരിസരങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ മാലിന്യം കലര്‍ന്ന ജലം ശുദ്ധജല സ്രോതസ്സുകളിലേക്കിറങ്ങി അവ മലിനമാകുകയും വര്‍ഷാവര്‍ഷാരംഭത്തോടെ തന്നെ വയറിളക്കം, ചര്‍ദി അടക്കമുള്ള പകര്‍ച്ചവ്യാധികളും മഞ്ഞപ്പിത്തവും കോളറയുമെല്ലാം നമ്മെ പിടികൂടുന്ന സാഹചര്യമുണ്ടാകും.
മനുഷ്യരുടെ വിസര്‍ജ്യങ്ങള്‍, അറവു മാലിന്യങ്ങള്‍, മാര്‍ക്കറ്റ് വേസ്റ്റുകള്‍ തുടങ്ങിയവ കൊണ്ട് മലീമസമായ തെരുവുകള്‍ മഴ വരുന്നതിന് മുമ്പ് വൃത്തിയാക്കണം. സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന് മുന്നിട്ടിറങ്ങുമ്പോള്‍ കുടുംബശ്രീ അംഗങ്ങളടക്കമുള്ള എല്ലാവരും ഒന്നിച്ചിറങ്ങിയാല്‍ ജലജന്യ രോഗങ്ങളെ തടഞ്ഞുനിര്‍ത്താന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കും.

ശുചിത്വ ബോധം പരമപ്രധാനമാണ്. സ്വശരീരവും ഉടയാടകളും താമസിക്കുന്ന വീടും ഗൃഹോപകരണങ്ങളും ജീവിക്കുന്ന പരിസരവും കൂടി വൃത്തി വരുത്തണം. തെരുവിലും വിജന പ്രദേശങ്ങളിലും മലമൂത്ര വിസര്‍ജനം നടത്തുന്ന ശീലം പൂര്‍ണമായും ഒഴിവാക്കുക തന്നെ വേണം. ഒരു പൂന്തോട്ടം നനക്കുന്ന ലാഘവത്തോടെയാണ് പലരും റോഡരികിലും ബസ്റ്റാന്റ് പരിസരത്തുമെല്ലാം നിന്ന് മൂത്രിക്കുന്നത്. പൊതു ശൗചാലയം ഉണ്ടെങ്കില്‍ പോലും അത് ഉപയോഗപ്പെടുത്താത്തവരുടെ ഈ നിലപാട് സാമൂഹിക ദ്രോഹമാണ്. നബി(സ) പറഞ്ഞു: ശാപാര്‍ഹമായ രണ്ട് കാര്യങ്ങളെ സൂക്ഷിക്കുക. അപ്പോള്‍ അനുയായികള്‍ ചോദിച്ചു, ഏതാണ് ആ രണ്ട് കാര്യങ്ങള്‍? ജനങ്ങളുടെ വഴിയിലും തണലിലും മലമൂത്ര വിസര്‍ജനം ചെയ്യുക എന്നതാണതെന്ന് തിരുനബി(സ) പ്രതികരിച്ചു.(മുസ്‌ലിം)

മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ടെറസിനു മുകളില്‍ കയറി അടഞ്ഞുകിടക്കുന്ന “ഹോള്‍സുകള്‍” തുറന്നുകൊടുക്കണം. മഴക്കാലത്ത് വീടിനു മുകളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാന്‍ അനുവദിക്കരുത്. പറമ്പുകളിലും ജലം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പ്ലാസ്റ്റിക് കവറുകള്‍, ടിന്നുകള്‍, പൊട്ടിയ പാത്രങ്ങള്‍, ചിരട്ട, കൊതുമ്പ്, പാള തുടങ്ങിയവയും എടുത്തു മാറ്റണം.

വിശ്വാസികള്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന് സജീവമായി തന്നെ ഇടപെടണം. മുത്ത് നബി(സ)പറഞ്ഞു: എന്റെ സമുദായത്തിന്റെ നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും എനിക്ക് വെളിവാക്കപ്പെട്ടു. അതില്‍ ഏറ്റവും നല്ല പ്രവര്‍ത്തനമായി ഞാന്‍ കണ്ടത് വഴിയോരത്ത് നിന്നും മാലിന്യങ്ങളെ എടുത്തുമാറ്റിയതാണ്.(മുസ്‌ലിം). ഈ വചനം നമുക്ക് പ്രചോദനമാകട്ടെ.

Latest