National
ഉത്തരേന്ത്യയില്‍ പൊടിക്കാറ്റ്; നൂറിലേറെ മരണം
ലക്‌നോ/ ജെയ്പൂര്‍: ശക്തമായ പൊടിക്കാറ്റിലും മഴയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറിലധികം മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. ഇരു സംസ്ഥാനങ്ങളിലുമായി നിരവധി വീടുകള്‍ കാറ്റിലും മഴയിലും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. കനത്ത പൊടിക്കാറ്റ് വീശിയ ഉത്തര്‍ പ്രദേശില്‍ 64 പേരാണ് മരിച്ചത്. 47 പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനില്‍ 35 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് പൊടിക്കാറ്റും മഴയും ഉണ്ടായത്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കാറ്റ് വീശി.
ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് ഏറ്റവും ശക്തമായ കാറ്റ് വീശിയത്. 36 മരണമാണ് ആഗ്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആഗ്രക്ക് പുറമെ യു പിയിലെ ബിജ്‌നോര്‍, ബറേലി, സഹാരന്‍പൂര്‍, പിലിഭിത്ത്, ഫിറോസാബാദ്, ചിത്രകൂട്, മുസാഫര്‍നഗര്‍, റായ്ബറേലി, ഉന്നാവോ എന്നിവിടങ്ങളിലും പൊടിക്കാറ്റ് വീശി. കെട്ടിടങ്ങള്‍ തകര്‍ന്നും മിന്നലേറ്റുമാണ് ഭൂരിഭാഗം പേരും മരിച്ചത്. യു പിയിലെ വിവിധ ജില്ലകളിലായി 160ലധികം വളര്‍ത്തുമൃഗങ്ങളും ചത്തു. യു പിയിലെ ഗൊരഖ്പൂര്‍, ഗോന്‍ഡ, അംബേദ്കര്‍ നഗര്‍, സന്ത് കബീര്‍നഗര്‍, മൊറാദാബാദ്, മീറത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഡയറക്ടര്‍ ദുരിതാശ്വാസ കമ്മീഷണര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.
രാജസ്ഥാനില്‍ ധോല്‍പൂര്‍ ജില്ലയിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. ഇവിടെ പതിനേഴ് പേരാണ് പൊടിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ്. പരുക്കേറ്റവരില്‍ പലരെയും പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചതായി ധോല്‍പൂരിലെ ദുരന്തനിവാരണ വിഭാഗം സെക്രട്ടറി ഹോമന്ത് കുമാര്‍ ഗീറ അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുവിന് നാല് ലക്ഷം രൂപയും അറുപത് ശതമാനത്തിലധികം പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നാല്‍പ്പത് മുതല്‍ അമ്പത് വരെ ശതമാനം പരുക്കേറ്റവര്‍ക്ക് അറുപതിനായിരം രൂപയും നഷ്ടപരിഹാരമായി അനുവദിച്ചതായി ഗീറ പറഞ്ഞു.
മധ്യപ്രദേശില്‍ രണ്ട് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ പലയിടങ്ങളിലും കനത്ത മഴ പെയ്തു. ഡല്‍ഹിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചാല്‍ മാത്രമേ എത്ര പേര്‍ അപകടത്തില്‍പ്പെട്ടുവെന്ന് വ്യക്തമാകൂ. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഉന്നത ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും വിലയിരുത്തണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിര്‍ദേശം നല്‍കി.




