Connect with us

Kerala

കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

കോഴിക്കോട് ചിന്താവളപ്പില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍

കോഴിക്കോട്: നഗരത്തില്‍ ബഹുനില കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ബീഹാര്‍ ബേഗുസറായി സ്വദേശികളായ കിസ്മത്ത്(30), ജബ്ബാര്‍(35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മുഹമ്മദ് റഫീഖ്(30), മുഹമ്മദ് ഷഫീര്‍(26), മുഹമ്മദ് ഇക്്ബാല്‍(25) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് മണിക്കൂറോളം മണ്ണിനടിയില്‍ കുടുങ്ങി കിടന്ന മുഖ്താര്‍(40) ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് ഡിആന്റ്ഡി കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളാണ് എല്ലാവരും.

ചിന്താ വളപ്പ് റാംമോഹന്‍ റോഡില്‍ പോലീസ് ഓഫീസേഴ്‌സ് ക്വാട്ടേഴ്‌സിന് സമീപം റോഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ പണിക്കിടെ ഇന്നലെ നാലരയോടെയാണ് സംഭവം. കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എടുത്ത 20 അടി താഴ്ചയുളള കുഴിയില്‍ തൊഴിലാളികള്‍ അകപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന മണ്ണ് തൊഴിലാളികളുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു. എട്ട് തൊഴിലാളികള്‍ ആയിരുന്നു ലിഫ്റ്റിനായുള്ള കുഴിയില്‍ നിന്ന് മണ്ണ് മാറ്റിയിരുന്നത്. ആദ്യം മണ്ണ് അടര്‍ന്നുവീണപ്പോള്‍ എട്ട് തൊഴിലാളികളും അകപ്പെട്ടു. നാല് പേരെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇതിനിടെ വീണ്ടും മണ്ണിടിയുകയായിരുന്നു. ഇതോടെ മറ്റ് നാല് പേര്‍ പൂര്‍ണമായും മണ്ണിനടിയില്‍ കുരുങ്ങി. ഒരാളെ തൊഴിലാളികള്‍ തന്നെ രക്ഷപ്പെടുത്തുകയായിരുന്നു. ലോഡ് കണക്കിന് മണ്ണ് വീണു കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. കിസ്മത്തിനെയാണ് ആദ്യം മണ്ണില്‍ നിന്ന് കണ്ടെത്തിയത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ജബ്ബാറിന്റെ മൃതദേഹം രാത്രി ഏഴരയോടെയാണ് കണ്ടെത്തിയത്. കസബ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

ദുരന്ത നിവാരണസേന, അഗ്‌നി രക്ഷാ സേന, ക്വിക്ക് ടാസ്‌ക് റസ്‌പോണ്‍സ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഒന്നര മണിക്കൂറിന് ശേഷം ആണ് കിസ്മത്തിനെ പുറത്തെടുത്തത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറരയോടെ മരിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് മുഖ്താറിനെ പുറത്തെത്തിച്ചത്. അരമണിക്കൂറോളം ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് ജബ്ബാറിന്റെ മൃതദേഹം പുറത്തെടുത്തത്. സുരക്ഷിത സംവിധാനം ഇല്ലാതെ തൊഴിലാളികളെ പണിയെടുപ്പിച്ചതിന് കെട്ടിടം ഉടമക്കും കരാറുകാരനും എതിരെ പോലീസ് കേസെടുത്തു.

Latest