ശൈഖ് സായിദ് ബുക് അവാര്‍ഡ് വിതരണം ചെയ്തു

Posted on: May 3, 2018 7:38 pm | Last updated: May 3, 2018 at 7:38 pm
ശൈഖ് സായിദ് ബുക് അവാര്‍ഡ് ജേതാക്കള്‍ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനൊപ്പം

അബുദാബി: പന്ത്രണ്ടാമത് അബുദാബി ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് വിതരണം ചെയ്തു. അബുദാബി സാദിയാത്ത് ദ്വീപിലെ ല്യൂറെ അബുദാബിക്കടുത്തുള്ള മനാറത്ത് അല്‍ സഅദിയത്ത് നഗരിയില്‍ നടന്ന ചടങ്ങില്‍ യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് വിതരണം ചെയ്തത്.

സാഹിത്യം, കുട്ടികളുടെ സാഹിത്യം തുടങ്ങി എട്ടു വിഭാഗങ്ങളിലായി വിജയികള്‍ക്ക് 7,50,000 ദിര്‍ഹമാണ് സമ്മാനം നല്‍കിയത്. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് പശ്ചിമേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ ബുക്ക് അവാര്‍ഡാണ്. അറബി ഭാഷാ എഴുത്തുകാരെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരാനും അറബി ഭാഷ സംസ്‌ക്കാരത്തെക്കുറിച്ച് മറ്റ് ഭാഷകളിലെ അക്കാദമിക എഴുത്തുകാരെ മനസിലാക്കികൊടുക്കാനും ലക്ഷ്യമിടുന്നതായി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കി. സാഹിത്യ മേഖലയില്‍ നിന്ന് സിറിയയിലെ പ്രമുഖ നോവലിസ്റ്റ് ഖലീല്‍ സ്വാലിഹിന്റെ ബൈറൂത് ആസ്ഥാനമായുള്ള നോഫല്‍-ഹാഷെറ്റെ അന്റോയ്നെ പ്രസിദീകരിച്ച ഇക്തബര്‍ അല്‍ നദം എന്ന കൃതിക്കും, കുട്ടികളുടെ സാഹിത്യമേഖലയില്‍ നിന്ന് സ്വദേശി എഴുത്തുകാരന്‍ ഹസ്സ അല്‍ മുഹൈരിയുടെ യു എ ഇ ആസ്ഥാനമായുള്ള അല്‍ ഹുദ്ഹുദ് പബ്ലിഷിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ പ്രസിദ്ധീകരിച്ച അല്‍ ദിനോര്‍ഫ് എന്ന കൃതിക്കാണ് ഒന്നാം സമ്മനം നല്‍കി. യുവ എഴുത്തുകാരന്‍ എന്ന വിഭാഗത്തില്‍ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഹ്മദ് അല്‍ ഖര്‍മാലവിയുടെ അംതര്‍ സെയ്ഫിയ്യഹ് എന്ന നോവലിന് അര്‍ഹമായി. കെയ്‌റോയിലെ മക്തബത്ത് അല്‍ ദാര്‍ അല്‍ അറബിയാ ലില്‍-കിത്ബ് പ്രസിദ്ധീകരിച്ചത്. വിവര്‍ത്തന വിഭാഗത്തില്‍ ടുണീഷ്യയില്‍ നിന്നുള്ള നിജി എലോണെല്ലി അര്‍ഹമായി.

സാഹിത്യ, കലാ വിമര്‍ശനം വിഭാഗത്തില്‍ മൊറോക്കന്‍ അക്കാദമിക് മുഹമ്മദ് മിഷാബലിന്റെ കൃതിയായ ഫൈ ബാലഘാഥ് അല്‍ ഹജ്ജാജ് അര്‍ഹമായി. അറബ് സംസ്‌കാരം മറ്റു ഭാഷകളിലും എന്ന വിഭാഗത്തില്‍ ജര്‍മ്മന്‍ ഗവേഷകനായ ഡാഗ് നിക്കോളാസ് ഹാസ്സെ യുടെ അറബിക് ശാസ്ത്രവും തത്ത്വശാസ്ത്രവും നവോഥാനം എന്ന കൃതിക്ക് അര്‍ഹമായി. പ്രസിദ്ധീകരണവും സാങ്കേതികവിദ്യയും എന്ന വിഭാഗത്തില്‍ ബെയ്‌റൂട്ട്, കെയ്‌റോ, ടുണീഷ്യ എന്നിവടങ്ങളില്‍ നിന്ന് പ്രാസദീകരിക്കുന്ന ദാര്‍ അല്‍ തന്‍വീര്‍ അര്‍ഹമായി. ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് സെക്രട്ടറി ജനറല്‍ ഡോ അലി ബിന്‍ തമീം, അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി അണ്ടര്‍സെക്രട്ടറി സൈഫ് സഈദ് ഗോബാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.