Connect with us

National

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് നടന്നു; യേശുദാസും ജയരാജും പങ്കെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: പുരസ്‌കാര വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കലാകാരന്മാര്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ബഹിഷ്‌കരിച്ചു. കേരളത്തില്‍ നിന്നുള്ള നിരവധി കലാകാരന്മാരടക്കം 68 പേരുടെ പ്രതിഷേധങ്ങള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കുമൊടുവിലാണ് 65ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്നത്. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡ് സമ്മാനിക്കാന്‍ കേന്ദ്രം തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ഫഹദ് ഫാസില്‍ അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. മറ്റു ചിലര്‍ വിജ്ഞാന്‍ സഭയുടെ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിരവധി പേര്‍ പ്രതിഷധവുമായി രംഗത്തെത്തിയതോടെ ഇവരുടെ റിസര്‍വ്ഡ് സീറ്റുകള്‍ ഒഴിച്ചിട്ടാണ് കേന്ദ്രം പ്രതികരിച്ചത്. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കളങ്കം പേറിയാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് നടന്നത്. അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നും പ്രതിഷേധക്കാര്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ഫഹദ് ഫാസിലിനെ കൂടാതെ പാര്‍വതി, ദിലീഷ് പോത്തന്‍, സജീവ് പാഴൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തില്ല. തങ്ങള്‍ പുര്‌സാകരം തിരസ്‌കരിച്ചിട്ടില്ലെന്നും ചടങ്ങിലെ വിവേചനത്തില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാരായ പുരസ്‌കാര ജേതാക്കള്‍ അറിയിച്ചു. വരുന്ന തലമുറയ്ക്കു വേണ്ടിയുള്ള പ്രതിഷേധമാണിത്. എന്തുകൊണ്ടാണ് ഈ വിവേചനം ഉണ്ടായതെന്ന് അറിയണം. പുരസ്‌കാരം ഹോട്ടലിലോ വീട്ടിലോ എത്തിച്ചാല്‍ സ്വീകരിക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ജയരാജ്, യേശുദാസ്, നിഖില്‍ എസ്. പ്രവീണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജ് മന്ത്രി സ്മൃതി ഇറാനിയില്‍നിന്നാണ് ഏറ്റുവാങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി യേശുദാസും സംവിധായകന്‍ ജയരാജും ഒപ്പിട്ട പരാതി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയിരുന്നു. എന്നാല്‍, പ്രതിഷേധങ്ങള്‍ക്ക് വഴങ്ങാതെ കനത്ത നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനോട് താത്പര്യമില്ലെന്ന് യേശുദാസും ജയരാജും പിന്നീട് അറിയിക്കുകയായിരുന്നു.

രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ച പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്‌സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു.

അതേസമയം, രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷം പുരസ്‌കാര സമര്‍പ്പണചടങ്ങുകളില്‍ രാംനാഥ് കോവിന്ദ് ഒരു മണിക്കൂറിലധികം പങ്കെടുക്കാറില്ലെന്നും ഇക്കാര്യം വാര്‍ത്താവിതരണ മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നതാണെന്നും രാഷ്ട്രപതിയുടെ മാധ്യമ സെക്രട്ടറി പറഞ്ഞു. പതിനൊന്നാം മണിക്കൂറില്‍ ഇതുമായി ബന്ധപ്പെട്ട് വിവാദം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണം മനസിലാകുന്നില്ലെന്നും രാഷ്ട്രപതിയുടെ മാധ്യമ സെക്രട്ടറി വ്യക്തമാക്കി. അവാര്‍ഡ് ദാന ചടങ്ങ് ഒരു മണിക്കൂറിലധികം നീളുമെന്നതിനാലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനായി 11 പേരെ മാത്രം തിരഞ്ഞെടുത്തത്. വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍ തുടങ്ങിയവയായിരുന്നു രാഷ്ട്രപതി സമ്മാനിക്കേണ്ടിയിരുന്നു പുരസ്‌കാരങ്ങള്‍.

 

 

---- facebook comment plugin here -----

Latest