Connect with us

Kerala

കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; ലിഗയുടെ മരണത്തില്‍ രണ്ട് പേരുടെ അറസ്റ്റ് ഉടന്‍

Published

|

Last Updated

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് പേരുടെ പങ്ക് തെളിഞ്ഞു. ഇവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. കസ്റ്റഡിയിലുള്ള ഉമേഷ്, ഉദയന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്യുക. പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റവും ചുമത്തും. ലിഗയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രതികള്‍ കുറ്റസമ്മത മൊഴി നല്‍കി. ഉമേഷാണ് മുഖ്യ പ്രതിയെന്നും ഇയാള്‍ മറ്റ് സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിച്ചുവെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹത്തില്‍ നിന്ന് ലഭിച്ച കോട്ട് ഉദയന്റേതെന്നും പോലീസ് പറയുന്നു.

രണ്ട് പേരും കൊലപാതകത്തിന് രണ്ട് കാരണങ്ങള്‍ പറയുന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ലിഗയുമായി മല്‍പ്പിടുത്തമുണ്ടായെന്ന് സമ്മതിച്ച രണ്ട് പേരും പരസ്പര വിരുദ്ധമായ മൊഴികളാണ് നേരത്തെ നല്‍കിയിരുന്നത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ സ്ഥരിമായി ഒത്തുകൂടുന്ന നാല് പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരില്‍ രണ്ട് പേരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. ലിഗ പൊന്തകാട്ടില്‍ എത്തിയതാണെന്നും മയക്കുമരുന്നു നല്‍കിയെന്നും പണം നല്‍കാത്തതിന്റെ പേരില്‍ പിടിവലിയുണ്ടായപ്പോള്‍ പിടിച്ചു തള്ളിയെന്നുമാണ് ഒരാളുടെ മൊഴി.

എന്നാല്‍ കൈയേറ്റ ശ്രമമുണ്ടായെന്നാണ് രണ്ടാമത്തെയാളുടെ മൊഴി. കോവളത്തെത്തിയ ലിഗയെ ഇവരുടെ സുഹൃത്ത് ബോട്ടിംഗിനെന്ന പേരില്‍ കണ്ടല്‍ക്കാടിലെക്ക് കൊണ്ടുവന്നു.
ഇയാള്‍ ഈ കാര്യം മറ്റ് രണ്ട് പേരെ അറിയിച്ചു. കാട്ടിലെത്തിയ ഇവര്‍ ലിഗക്ക് സിഗരറ്റ് നല്‍കി. തുടര്‍ന്ന് കൂടുതല്‍ പണം ലിഗയില്‍ നിന്ന് കൈക്കലാക്കാന്‍ ശ്രമിച്ചത് തര്‍ക്കത്തിനും കൊലക്കും കാരണമായെന്നാണ് ഒരാളുടെ മൊഴി. കാട്ടിലെത്തിയ ലിഗയുമായി സൗഹൃദത്തിലായശേഷം പീഡനത്തിന് ശ്രമിച്ചെന്നും എതിര്‍പ്പിനിടയില്‍ കൊലപ്പെടുത്തിയെന്നും മറ്റൊരാള്‍ വിശദീകരിക്കുന്നു. ഈ വൈരുധ്യങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ നീക്കാന്‍ പോലവീസിന് കഴിഞ്ഞു.

Latest