ബി ജെ പിയിലെ വിഭാഗീയത യുവമോര്‍ച്ചയിലൂടെ ആളിക്കത്തുന്നു

രാപകല്‍ സമരത്തിന് 25 പേരെ എത്തിക്കാത്ത നേതാക്കളെ പുറത്താക്കുമെന്ന് ഭീഷണി
Posted on: May 3, 2018 6:09 am | Last updated: May 3, 2018 at 12:13 am

കണ്ണൂര്‍: രൂക്ഷമായ വിഭാഗീയതയില്‍ രാപകല്‍ സമരം പരാജയപ്പെടുമോ എന്ന ഭയത്താല്‍ കീഴ്കമ്മിറ്റി നേതാക്കള്‍ക്ക് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റിന്റെ ഭീഷണി. തിരുവനന്തപുരത്ത് നടക്കുന്ന രാപ്പകല്‍ സമരത്തില്‍ 25 അംഗങ്ങളെ വീതം പങ്കെടുപ്പിക്കാത്ത നേതാക്കളാരും നാളെ മുതല്‍ സ്ഥാനത്ത് ഉണ്ടാകില്ലെന്നാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ ്ബാബുവിന്റെ പേരില്‍ പുറത്തിറങ്ങിയ സര്‍ക്കുലര്‍ കീഴ്കമ്മിറ്റി നേതാക്കളെ ഉണര്‍ത്തുന്നത്. ബി ജെ പി സംസ്ഥാന ഘടകത്തില്‍ നേതാക്കള്‍ക്കിടയിലെ ചേരിതിരിവ് യുവമോര്‍ച്ചയിലും ശക്തമാണെന്ന് അടിവരയിടുന്നതാണ് സംസ്ഥാന പ്രസിഡന്റിന്റെ പേരിലിറങ്ങിയ ഈ സര്‍ക്കുലര്‍. സംസ്ഥാന സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധം എന്ന നിലയില്‍ ആസൂത്രണം ചെയ്ത രാപകല്‍ സമരം ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. ഇന്ന് വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന സമരത്തിലേക്കാണ് എവിടെ നിന്നെങ്കിലും പ്രവര്‍ത്തകരെ എത്തിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാപകല്‍ സമരവുമായി ബന്ധപ്പെട്ട അന്തിമ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ 30ന് കോഴിക്കോട്ട് സംസ്ഥാന ഭാരവാഹികളുടെ യോഗം ചേര്‍ന്നിരുന്നു. 14 ജില്ലാ പ്രസിഡന്റുമാരെയും 17 സംസ്ഥാന ഭാരവാഹികളെയുമാണ് യോഗത്തിലേക്ക് വിളിച്ചിരുന്നത്. എന്നാല്‍ നേതൃത്വത്തോടുള്ള അമര്‍ഷം കാരണം അഞ്ച് ജില്ലാ പ്രസിഡന്റുമാരും മൂന്ന് ഭാരവാഹികളും മാത്രമാണ് യോഗത്തിനെത്തിയതെന്നാണ് വിവരം.

പാര്‍ട്ടിയിലെ വലിയ ഒരു വിഭാഗത്തിന് നിലവിലെ നേതൃത്വത്തിനോടുള്ള വിയോജിപ്പാണ് യോഗത്തില്‍ വരാത്തതിലൂടെ പ്രകടമാക്കിയത്. ഏതാനും അംഗങ്ങള്‍ ചേര്‍ന്നെടുത്ത യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പ്രസിഡന്റ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നതെന്ന് എതിര്‍ വിഭാഗം പറയുന്നു.

രാപകല്‍ സമരത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകുന്നേരം ആറിന് മുമ്പ് പ്രവര്‍ത്തകരെ തിരുവന്തപുരത്ത് എത്തിക്കണമെന്ന് സര്‍ക്കുലര്‍ പറയുന്നു. സംസ്ഥാന ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവര്‍ക്കാണ് 25 പേരെ വീതം പങ്കെടുപ്പിക്കാനുള്ള നിര്‍ദേശം. ഓരോരുത്തര്‍ക്കും സ്വാധീനമുള്ള എവിടെ നിന്നും പ്രവര്‍ത്തരെ എത്തിക്കാം. ഇതിന് വീഴ്ച വരുത്തുന്നവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ നാളെ തന്നെ സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ട്രെയിനില്‍ വരുന്നവര്‍ ആവശ്യമായ പ്രചാരണ ഫഌക്‌സ്, കൊടി തുങ്ങിയവ അവരവര്‍ കയറുന്ന ബോഗിയില്‍ കെട്ടണം. ഭക്ഷണം, പ്രാഥമിക കാര്യങ്ങള്‍, ലഗേജ് എന്നിവക്കുള്ള സൗകര്യം തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കുലറിലുണ്ട്. ഈ തീരുമാനങ്ങള്‍ സംസ്ഥാന ഭാരവാഹികളെ യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റും ജില്ലയിലുള്ളവരെ ജില്ലാ പ്രസിഡന്റുമാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കുലറിന്റെ പകര്‍പ്പ് ബി ജെ പി ജില്ലാ പ്രസിഡന്റുമാര്‍, യുവമോര്‍ച്ചയുടെ ചുമതലയുള്ള ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, ബി ജെ പി മണ്ഡലം പ്രസിഡന്റുമാര്‍, യുവമോര്‍ച്ചാ ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രസിഡന്റിന്റെ നിലപാടിനെതിരെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ക്കിടയില്‍ രൂക്ഷ പ്രതിഷേധമാണ് ഉയരുന്നത്. യുവമോര്‍ച്ചയുമായി ബന്ധപ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ സംസ്ഥാന പ്രസിഡന്റിന്റെ സര്‍ക്കുലര്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സമരത്തില്‍ പ്രവര്‍ത്തകര്‍ കുറഞ്ഞ്‌പോയാല്‍ നേതാക്കള്‍ സ്ഥാനത്ത് ഉണ്ടാകില്ലെന്ന ഭീഷണികള്‍ അപൂര്‍വ്വമാണെന്ന് എതിര്‍ വിഭാഗം പറയുന്നു.

ഏകാധിപതിയെപ്പോലെയാണ് സംസ്ഥാന പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത നേതാക്കളെ പുറത്താക്കുകയും കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്യുന്നു. ഇതിനെതിരെ പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുന്നു. ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എതിര്‍ വിഭാഗത്തിന്റെ തീരുമാനം. സമരത്തിന്റെ ഭാഗമായി ഏതെങ്കിലും നേതാക്കള്‍ക്കെതിരെ നടപടിയെടുത്താന്‍ പരസ്യമായി പ്രതികരിക്കുമെന്നും ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.