പോലീസ് പീഡനം: കൊടും വനത്തില്‍ കഴിഞ്ഞ ആദിവാസി യുവാവിനെ രക്ഷപ്പെടുത്തി

Posted on: May 3, 2018 6:14 am | Last updated: May 2, 2018 at 11:57 pm
കോതമംഗലം കോടതി സമുച്ചയത്തില്‍ കൃഷ്ണനും കുടുംബവും പരാതി നല്‍കാനെത്തിയപ്പോള്‍

കൊച്ചി: പോലീസിന്റെ പീഡനത്തെ തുടര്‍ന്ന് വീടുവിട്ട് ഒളിവില്‍ പോയി കൊടുംവനത്തില്‍ കഴിഞ്ഞ യുവാവിനെ കണ്ടെത്തി രക്ഷപ്പെടുത്തി. അവശനിലയിലായ യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയിലാക്കി. കുട്ടമ്പുഴ ആദിവാസി മേഖലയിലെ പിണവൂര്‍കുടി ആനന്ദന്‍ കുടിയിലെ താമസക്കാരനായ കൃഷ്ണനെ (35)യാണ് കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാരാലീഗല്‍ വളണ്ടിയര്‍ വല്‍സ ബിനുവും ഇയാളുടെ ബന്ധുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

കൃഷ്ണന്റെ അയല്‍വാസിയും കുട്ടമ്പുഴ പോലീസും ചേര്‍ന്ന് ഇയാളെയും ഭാര്യ നിര്‍മല(30)യെയും ശാരീരികമായും മാനസികവുമായി പീഡിപ്പിക്കുകയാണെന്നും ഇതേത്തുടര്‍ന്ന് രക്ഷപ്പെട്ട് നേര്യമംഗലം വനമേഖലയില്‍പ്പെടുന്ന തേന്‍നോക്കി മലയിലെ പാറപ്പുറത്ത് ഒരു മാസമായി കഴിഞ്ഞുവരികയായിരുന്നുവെന്നും കൃഷ്ണന്‍ ലീഗല്‍ സര്‍വീസസ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കൃഷ്ണന്‍ വീടുവിട്ട് ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഭാര്യ നിര്‍മല പിണവൂര്‍ കുടി അതുല്യ കുടുംബശ്രീയില്‍ പരാതി നല്‍കുകയും കുടുംബശ്രീ ഭാരവാഹികളായ വാസന്തിയും ഷെര്‍ളിയും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ പരാതി കുടുബശ്രീ യൂനിറ്റ് കുട്ടമ്പുഴ പഞ്ചായത്ത് സി ഡി എസിന് കൈമാറുകയും കൃഷ്ണനെ കണ്ടെത്താന്‍ ശ്രമം നടത്തുകയും ചെയ്തു. ഈ ശ്രമത്തിനൊടുവിലാണ് ജനവാസ കേന്ദ്രത്തില്‍ നിന്ന് 10 കി. മീ. അകലെയുള്ള വനത്തിനുള്ളില്‍ അവശനിലയിലായ കൃഷ്ണനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

പാരാ ലീഗല്‍ വളണ്ടിയറും ബന്ധുക്കളും ചേര്‍ന്ന് കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിക്ക് പരാതി നല്‍കി. ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി ടി ഐ സുലൈമാന്‍, ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ മജിസ്‌ട്രേറ്റ് ടി ബി ഫസീലക്ക് പരാതി തുടര്‍ നടപടിക്കായി സമര്‍പ്പിച്ചു.

ദിവസങ്ങളോളം കാട്ടില്‍ കഴിഞ്ഞതിതിനാല്‍ അവശനായ കൃഷ്ണനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കാനും ഉണ്ടായ സംഭവങ്ങള്‍ എഴുതിനല്‍കാനും മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു.

തുടര്‍ന്ന് കൃഷ്ണനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രശ്‌നം ഏറെ ചര്‍ച്ചയായതോടെ സംഭവത്തെ കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.