അഞ്ച് ഗോള്‍ ജയവുമായി പോലീസ്

ഫിറോസ് കളത്തിങ്ങലിന് ഹാട്രിക്ക്
Posted on: May 3, 2018 6:12 am | Last updated: May 2, 2018 at 11:45 pm
പോലീസിന്റെ ഫിറോസ് കളത്തിങ്ങലിന്റെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് താരം അമാനുല്ലാഖാന്‍

മലപ്പുറം: കേരളാ പ്രീമിയര്‍ ലീഗില്‍ കേരളാ പോലീസിന് ഗംഭീര വിജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ്് സ്വന്തം തട്ടകത്തില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ പരാജയപ്പെടുത്തിയത്. പോലീസിനായി മൂന്നേറ്റക്കാരന്‍ ഫിറോസ് കളത്തിങ്ങല്‍ ഹാട്രിക് നേടി.

ആര്‍ അഭിജിത്ത് ഇരട്ട ഗോളുകളും നേടി. കളിയില്‍ മുഴുവന്‍ സമയവും ആധിപത്യം പുലര്‍ത്താന്‍ കേരളാ പോലീസിനായി. എല്ലാ മേഖലയിലും മികച്ച കളിയാണ് ടീം പുറത്തെടുത്തത്. ആദ്യത്തെയും അവസാനത്തെയും ഗോള്‍ നേടി ഹാട്രിക് തികച്ച ഫിറോസാണ് കളിയിലെ താരം. രണ്ടാം പകുതിയില്‍ പോര്‍ട്ട് ട്രസ്റ്റ് ഗോളിനായി സമ്മര്‍ദം ചെലുത്തിയെങ്കിലും നിര്‍ഭാഗ്യവും പോലീസ് ഗോളി എം എം വിന്‍ഷോബിന്റെ ഉഗ്രന്‍ സേവുകളും വിലങ്ങുതടിയായി.

കളിയുടെ 46-ാം മിനുറ്റില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ മുന്നേറ്റ താരം യുദുവിന് ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും പോലീസ് പ്രതിരോധം വിഫലമാക്കി. കളിയുടെ അവസാന നിമിഷങ്ങളില്‍ പോര്‍ട്ട് ട്രസ്റ്റ് ചിത്രത്തിലേയില്ലായിരുന്നു.

ആദ്യ പകുതി തീരാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെ പോലീസിന്റെ മധ്യനിര താരം കെ പി അനീഷിന് തലക്ക് പരുക്കേറ്റ് പുറത്തുപോകേണ്ടിവന്നു. പകരക്കാരനായി ഹര്‍ഷിദ് കപ്പച്ചലിനാണ് ഇറങ്ങിയത്. കേരളാ പോലീസിന്റെ അടുത്ത ഹോം മത്സരം ആറിന് സാറ്റ് തിരൂരുമായി നടക്കും.