താജ്മഹലിന്റെ നിറം മാറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

Posted on: May 3, 2018 6:19 am | Last updated: May 2, 2018 at 11:24 pm

ന്യൂഡല്‍ഹി: താജ്മഹലിന്റെ നിറം മാറുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കടുത്ത അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് താജ്മഹല്‍ ആദ്യം മഞ്ഞനിറമായായിരുന്നു. ഇപ്പോഴത് തവിട്ടും പച്ചയും കലര്‍ന്ന നിറമായെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി താജ്മഹലിനുണ്ടായ പ്രശ്നങ്ങള്‍ പഠിക്കണമെന്നും ലോകാത്ഭുതങ്ങളിലൊന്നായ മഹാസൗധത്തെ സംരക്ഷിച്ച് നിര്‍ത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

വിദഗ്ധരെ ഉപയോഗപ്പെടുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ലേയെന്ന് ജസ്റ്റിസുമാരായ എം ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ)ക്കാണ് താജ്മഹലിന്റെ സംരക്ഷണ ചുമതല. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം സി മേത്തയാണ് ഹര്‍ജി നല്‍കിയത്. കൂടുതല്‍ വാദത്തിനായി ഹരജി ഈ മാസം ഒമ്പതിലേക്ക് മാറ്റി.