Connect with us

International

അര്‍മീനിയയില്‍ ജനം വീണ്ടും തെരുവില്‍

Published

|

Last Updated

തലസ്ഥാനായ യെരവനില്‍ റോഡ് ബ്ലോക്ക് ചെയ്യുന്ന പ്രതിഷേധക്കാര്‍

യെരവാന്‍: ഇടക്കാല പ്രസിഡന്റായി പ്രതിപക്ഷ നേതാവ് നികോള്‍ പാഷ്‌നിയാനെ തിരഞ്ഞെടുക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ അര്‍മീനിയയില്‍ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. പതിനായിരക്കണക്കിന് പേര്‍ തലസ്ഥാനമായ യെരവാനിലും മറ്റും റോഡ് ഗതാഗതവും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തി പ്രതിഷേധം തുടരുകയാണ്. ചൊവ്വാഴ്ച നടന്ന പ്രത്യേക പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാവ് നികോള്‍ പാഷ്‌നിയക്ക് വിജയിക്കാനായിരുന്നില്ല. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ എല്ലാവരും അദ്ദേഹത്തിന് എതിരായി വോട്ട് രേഖപ്പെടുത്തി. 53 പേരുടെ പിന്തുണയായിരുന്നു ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് നികോളിന് വേണ്ടിയിരുന്നതെങ്കിലും 45 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഏക സ്ഥാനാര്‍ഥിയും അദ്ദേഹമായിരുന്നു. തന്നെ അധികാരത്തിലെത്തിക്കാതിരിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം രാജ്യത്തെ ജനങ്ങളെ മുഴുവന്‍ നിന്ദിക്കുന്നതാണെന്ന് വോട്ടെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ചയോളം തുടര്‍ന്ന കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച അര്‍മീനിയന്‍ പ്രധാനമന്ത്രി രാജിവെച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നികോള്‍ പഷ്‌നിയാന് പിന്തുണയുമായി പതിനായിരക്കണക്കിന് പേര്‍ തലസ്ഥാനമായ യെരവാനില്‍ ഒരുമിച്ചുകൂടി. രാജ്യത്താകമാനം സമാധാനപരമായ പ്രതിഷേധ പരിപാടികളില്‍ പങ്കുകൊള്ളാനും സര്‍ക്കാര്‍ സ്ഥാപനങ്ങളോട് നിസ്സഹകരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. തലസ്ഥാനത്തേക്കുള്ള പ്രധാന റോഡുകള്‍ തടസ്സപ്പെടുത്തിയതോടെ നഗരം നിശ്ചലമായി. വിമാനത്താവള സ്റ്റാഫുകളും നിര്‍മാണ തൊഴിലാളികളും മെഡിക്കല്‍ ഉദ്യോഗസ്ഥരും യൂനിവേഴ്‌സിറ്റി അധ്യാപകരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.