പ്രതിയെ ബലമായി മോചിപ്പിച്ചത് മന്ത്രി രാമകൃഷ്ണന്റെ അറിവോടെയെന്ന് ടി സിദ്ദിഖ്

Posted on: May 2, 2018 9:46 am | Last updated: May 2, 2018 at 12:10 pm

കോഴിക്കോട്: പേരാമ്പ്രയില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചത് മന്ത്രി ടി പി രാമകൃഷ്ണന്റെ അറിവോടെയെന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. പ്രതികള്‍ മന്ത്രിയുമായി അടുത്ത ബന്ധമുള്ളവരാണെന്നും സിദ്ദിഖ് പറഞ്ഞു. സംഭവത്തില്‍ പോലീസ് പതിനാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ ഇന്നലെയാണ് സംഭവം. ശിവജി സേന പ്രവര്‍ത്തകരുടെ വീടിനു നേരെയുണ്ടായ ബോംബേറ് കേസിലെ പ്രതിയായ സുധാകരനെയാണ് ജീപ്പില്‍നിന്നു ബലമായി ഇറക്കിക്കൊണ്ടുപോയത്. സഹകരണ ബേങ്കില്‍ സെക്യൂരിറ്റി ജിവനക്കാരനാണു സുധാകരന്‍.