Connect with us

Kerala

കെ എസ് ആര്‍ ടി സിയുടെ ഡബിള്‍ ഡക്കര്‍ കേരളം ചുറ്റാനിറങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വന്തം ഡബിള്‍ ഡക്കര്‍ ബസ് രൂപം മാറ്റി ഇനി രണ്ടാഴ്ച നാടുചുറ്റും. കേരളം ഇന്നുവരെ കാണാത്ത സഞ്ചരിക്കുന്ന കലാപ്രദര്‍ശനശാലയായി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷനല്‍ യൂത്ത് കോണ്‍കോഡിനോടനുബന്ധിച്ചുള്ള ആര്‍ട്ട് ഡീ ടൂറിന്റെ ഭാഗമായാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഡബിള്‍ ഡക്കര്‍ ബസ് സഞ്ചരിക്കുക. അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക യാത്രയാണിതെന്ന് യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു പറഞ്ഞു.

ആര്‍ട്ട് ഡീ ടൂറിന്റെ ഉദ്ഘാടനം മൂന്നിന് വൈകിട്ട് 5.30ന് ടാഗോര്‍ തിയേറ്ററില്‍ കായിക യുവജനക്ഷേമ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിക്കും. കലാസംഘത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വ്വഹിക്കും. ചലച്ചിത്ര താരം റിമ കല്ലിങ്കല്‍ മുഖ്യാതിഥിയാകും. മേയര്‍ വി കെ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും.

മെയ് നാലിന് രാവിലെ എട്ട് മണിക്ക് മാനവീയം വീഥിയില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആര്‍ട്ട് ഡീടൂര്‍ ഫഌഗ് ഓഫ് ചെയ്യും. ഇരുപതിലേറെ കലാകാരന്മാര്‍ നാടകം, നാടന്‍ പാട്ടുകള്‍, തത്സമയ ചിത്രരചന തുടങ്ങിയവയുമായി ഡബിള്‍ ഡക്കര്‍ ബസിനെ അനുഗമിക്കും. രണ്ട് നിലകളുള്ള ബസ് എയര്‍ കണ്ടീഷന്‍ ചെയ്താണ് കലാപ്രദര്‍ശനത്തിനായി തയ്യാറാക്കുന്നത്. ബസിനുള്ളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാകില്ല. സീറ്റുകള്‍ മുഴുവനും എടുത്തു മാറ്റിയ ബസിന്റെ രണ്ട് നിലയിലും പ്രദര്‍ശനമാണ് ഒരുക്കുന്നത്. താഴത്തെ നിലയില്‍ പ്രധാനപ്പെട്ട ഇന്‍സ്റ്റലേഷനാണ് സജ്ജീകരിക്കുന്നത്. മുകള്‍ നിലയില്‍ ഫോട്ടോകളും ചിത്രങ്ങളും ഹ്രസ്വചലനചിത്രങ്ങളുമെല്ലാമായി മള്‍ട്ടി മീഡിയ പ്രദര്‍ശനവും ഒരുക്കും. തിരുവനന്തപുരത്തെ ആര്‍ട്ടേരിയയുടെ ക്യൂറേറ്ററും ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവുമായ ജി.അജിത് കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം രൂപകല്‍പ്പന ചെയ്ത് പ്രദര്‍ശനവും ഇന്‍സ്‌റ്റേലേഷനും ഒരുക്കുന്നത്.

രാവിലെ ഏഴ് മുതല്‍ മാനവീയം വീഥിയില്‍ പ്രദര്‍ശനം കാണാനുള്ള അവസരമുണ്ട്. പിന്നീട് യാത്ര തുടരുന്ന ബസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണുന്നതിന് നിര്‍ത്തിയിടും. ഒപ്പം കലാപരിപാടികളുടെ അവതരണവും നടക്കും. പ്രവേശനം സൗജന്യമാണ്. ഇതോടനുബന്ധിച്ച് അഭിപ്രായ സര്‍വേ, ലൈവ് പെര്‍ഫോമന്‍സുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. 14ന് കാഞ്ഞങ്ങാട്ടാണ് ആര്‍ട്ട് ഡീടൂര്‍ സമാപിക്കുക.

---- facebook comment plugin here -----

Latest