സോളാര്‍ കേസില്‍ തുടര്‍നടപടികളില്ലാതെ അന്വേഷണ സംഘത്തലവന്‍ വിരമിച്ചു

ഡി ജി പി രാജേഷ് ദിവാന് യാത്രയയപ്പ് നല്‍കി
Posted on: May 1, 2018 6:02 am | Last updated: May 1, 2018 at 12:07 am

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെടുക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന രാജേഷ് ദിവാന്‍ കേസന്വേഷണം ആരംഭിക്കുക പോലും ചെയ്യാതെ ഇന്നലെ പോലീസില്‍ നിന്ന്വിരമിച്ചു. പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ നടന്ന പരേഡില്‍ ഡി ജി പി രാജേഷ് ദിവാന്‍ സല്യൂട്ട് സ്വീകരിച്ചു. ഡി ജി പിമാരായ ഡോ. നിര്‍മ്മല്‍ചന്ദ്ര അസ്താന, എ ഹേമചന്ദ്രന്‍, എന്‍ ശങ്കര്‍ റെഡ്ഢി, ബി എസ് മുഹമ്മദ് യാസിന്‍, എ ഡി ജി പിമാരായ ടോമിന്‍ ജെ തച്ചങ്കരി, സുധേഷ് കുമാര്‍, ഡോ. ബി സന്ധ്യ, നിതിന്‍ അഗര്‍വാള്‍, ടി കെ വിനോദ് കുമാര്‍, ഐ ജിമാരായ ദിനേന്ദ്രകശ്യപ്, പി വിജയന്‍, ഡി ഐ ജിമാരായ ജി സ്പര്‍ജന്‍ കുമാര്‍, അനൂപ് കുരുവിള ജോണ്‍, പി പ്രകാശ്, കെ സേതുരാമന്‍, കെ ഷെഫിന്‍ അഹമ്മദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകളില്‍ തുടര്‍നടപടിയെടുക്കാന്‍ രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചിരുന്നത്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ ജി ദിനേന്ദ്ര കശ്യപ്, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി പി ബി രാജീവ്, വിജിലന്‍സ് ഡിവൈ എസ് പി. ഇ എസ് ബിജിമോന്‍, തിരുവനന്തപുരം സി ബി സി ഐ ഡി ഡി വൈ എസ് പി. എ ഷാനവാസ്, കൊല്ലം എസ് ബി സി ഐ ഡി ഡി വൈ എസ് പി. ബി രാധാകൃഷ്ണപിള്ള എന്നിവരായിരുന്നു സംഘാംഗങ്ങള്‍. നിയമോപദേശം ലഭിച്ചാല്‍ മാത്രമേ അന്വേഷണം ആരംഭിക്കൂ എന്നായിരുന്നു രാജേഷ് ദിവാന്റെ നിലപാട്. അന്വേഷണം തന്നെ ഏല്‍പ്പിച്ചതില്‍ അതൃപ്തിയും അദ്ദേഹം സര്‍ക്കാറിനെ അറിയിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ പ്രത്യേക അന്വേഷണമെന്ന നിലപാടില്‍ നിന്ന് പിന്നീട് സര്‍ക്കാറും പിന്നാക്കം പോയി.

1986 ബാച്ച് കേരള കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനായ രാജേഷ് ദിവാന്‍ പ്രതാപ് സിംഗ് ദിവാന്റെയും പ്രതിഭാ ദിവാന്റെയും മകനായി ന്യൂഡല്‍ഹിയില്‍ 1958ല്‍ ജനിച്ചു. ന്യൂഡല്‍ഹി ആര്‍മി പബ്ലിക് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടി. ഔദ്യോഗിക ജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ എസ് പി ആയി സേവനമനുഷ്ഠിച്ചു. പോലീസ് ട്രെയിനിംഗ്് കോളജ് പ്രിന്‍സിപ്പലായും കെ എ പി ബറ്റാലിയന്‍ കമാന്‍ഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 ആഗസ്റ്റില്‍ ഡി ഐ ജി ആയി സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് ഡി ഐ ജി ട്രെയിനിംഗ്, ഡി ഐ ജി ക്രൈംബ്രാഞ്ച്, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സെക്യൂരിറ്റി ആന്‍ഡ് വിജിലന്‍സ് ചീഫ് ചുമതലകള്‍ വഹിച്ചു.