Connect with us

Kerala

ശ്രീജിത്തിന്റെ വീട്ടില്‍ കോടിയേരിയെത്തി

Published

|

Last Updated

കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക്‌ശേഷം വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തി. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കോടിയേരിയുടെ സന്ദര്‍ശനം.

ഇന്നലെ സി പി എം വരാപ്പുഴയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കടുക്കാന്‍ എത്തിയതായിരുന്നു കോടിയേരി. സി പി എം ജില്ലാ സെക്രട്ടറി പി രാജീവ്, എസ് ശര്‍മ എം എല്‍ എ എന്നിവര്‍ക്കൊപ്പം വൈകീട്ടോടെയാണ് കോടിയേരി, ശ്രീജിത്തിന്റെ വീട്ടില്‍ എത്തിയത്. ശ്രീജിത്ത് നിരപരാധിയാണെന്നും വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത് മുതല്‍ പോലീസുകാര്‍ ശ്രീജിത്തിനെ മര്‍ദിക്കുകയായിരുന്നുവെന്നും ശ്രീജിത്തിന്റെ പിതാവും മാതാവും ഭാര്യയും കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞു.

താന്‍ നിരപരാധിയാണെന്ന് ശ്രീജിത്ത് പോലീസുകാരോട് പറഞ്ഞിട്ടും അവര്‍ ചെവിക്കൊണ്ടില്ലെന്നും ഇവര്‍ പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അവര്‍ എത്ര ഉന്നതരായാലും അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കും. പാര്‍ട്ടിയും സര്‍ക്കാറും ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും ഉറപ്പു നല്‍കിയാണ് കോടിയേരി മടങ്ങിയത്.

വേട്ടക്കാര്‍ക്കൊപ്പമല്ല ഇരകള്‍ക്കൊപ്പമാണ് സി പി എം എന്നും എത്ര ഉന്നതരായാലും അവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും കോടിയേരി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ശ്രീജിത്തിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്നും കുടുംബത്തിന് സഹായം നല്‍കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി ബോധപൂര്‍വം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നതിനാലാണ് അദ്ദേഹം എത്താതിരുന്നതെന്നും കോടിയേരി വ്യക്തമാക്കി.

സി ബി ഐ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്് അത് കോടതി പരിശോധിച്ചുകൊണ്ടിരിക്കുന്ന കാര്യമാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി. അക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കോടതിയുടെ മുന്നില്‍ അവര്‍ക്ക് സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ സി പി എം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് അങ്ങനെയായിരുന്നുവെങ്കില്‍ ഇത്രയധികം ആളുകളെ സസ്‌പെന്‍ഡ് ചെയ്യുമായിരുന്നോയെന്നായിരുന്നു കോടിയേരിയുടെ മറുപടി. യു ഡി എഫിന്റെ കാലത്ത് നാല് ലോക്കപ്പ് കൊലപാതകങ്ങള്‍ നടന്നിട്ട് ആരെയെങ്കിലും സസ്‌പെന്‍ഡ് ചെയ്‌തോയെന്നും കോടിയേരി ചോദിച്ചു.